കോഴിക്കോട് എലത്തൂരില്‍ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. എരഞ്ഞിക്കല്‍ സ്വദേശിയായ സാഗേഷ് കുമ്പാളിയാണ് വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്ന് പിടിയിലായത്. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി ശൃംഖലയിലെ പ്രധാനിയായ സാഗേഷ്, തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തെ അനുകരിച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു.
ഒന്നരമാസത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞ സാഗേഷിനെ വയനാട്ടിലെ ബത്തേരിയില്‍ നിന്നാണ് സാഹസികമായി പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കാപ്പ ഉള്‍പ്പെടെ 15 ലധികം കേസുകളിലെ പ്രതിയായ സാഗേഷ് സമൂഹമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ചാണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. ഇത്തരത്തില്‍ സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച് പിന്നാലെ തട്ടിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ചാണ് പതിനേഴുകാരിയേയും പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങളും ഇയാള്‍ പകര്‍ത്തുകയായിരുന്നു.
പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി എലത്തൂർ പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്. തുടർന്ന് പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ ലഹരി ഇടപാടുകളുടെയും പെൺകുട്ടികളെ ചൂഷണം ചെയ്തതിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവരികയായിരുന്നു.
നൂറുകണക്കിന് മൊബൈല്‍ നമ്പറുകളും ടവര്‍ ലോക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സാഗേഷ് പിടിയിലായത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇയാള്‍ ജിം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിതരണം നടത്തിയതായും പൊലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നിന്ന് പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍.രജ്ഞിത്തിന്‍റെ നേതൃത്വത്തില്‍ പിടികൂടാനെത്തിയപ്പോള്‍ പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. എലത്തൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളും കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ആളുമാണ് സാഗേഷ്. ലഹരി കൈവശം വയ്ക്കൽ, ലഹരി ഉപയോഗം, വധശ്രമം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്.