കോഴിക്കോട് കിനാലൂരില്‍ എയിംസിനായി സ്ഥലം വിട്ടുനല്‍കിയ നൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍. കേന്ദ്രം തിരഞ്ഞെടുക്കുന്ന ഏത് ഭൂമിയും എയിംസിനായി വിട്ടുകൊടുക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. അഞ്ച് വര്‍ഷം മുമ്പ് പദ്ധതിക്കായി വിജ്ഞാപനം ചെയ്ത ഭൂമി വില്‍ക്കാനോ കൃഷി ചെയ്യാനോ കഴിയാത്ത അവസ്ഥയിലാണ്.

2020ലാണ് എയിംസിനായി കിനാലൂരില്‍ ഭൂമി എറ്റെടുക്കുന്നത്. വിജ്ഞാപനമിറങ്ങിയതോടെ  ഭൂമി വില്‍ക്കാനോ മറ്റ് ഇടപാടുകള്‍ നടത്താനോ ഉടമകള്‍ക്ക് അനുമതിയില്ലാതായി. എയിംസിന്‍റെ കാര്യത്തില്‍ തീരുമാനമാകാത്തത് കാരണം സ്ഥലം ഏറ്റെടുക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തിട്ടില്ല.  250  ഏക്കര്‍ ഭൂമിയാണ് കിനാലൂരില്‍ എയിംസിനായി  കണ്ടെത്തിയത്.  കെഎസ്ഐഡിസിയുടെ കൈവശമുണ്ടായിരുന്ന 150 ഏക്കര്‍ സര്‍ക്കാരിന് കൈമാറി. ശേഷിക്കുന്ന 100 ഏക്കറാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കാന്‍ തിരുമാനിച്ചത്. 

94 വീടുകളാണ് പ്രദേശത്തുള്ളത്. 10 മറ്റ് കെട്ടിടങ്ങളുമുണ്ട്. പക്ഷേ, സ്വതന്ത്രമായി ജീവിക്കാനാകില്ലെന്ന് മാത്രം.  കിനാലൂരിന് പുറമെ  സംസ്ഥാനത്തെ 6 സ്ഥലങ്ങളാണ് എയിംസിനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. എയിംസ് മറ്റൊരിടത്തേയ്ക്ക് മാറ്റിയാല്‍ 5 വര്‍ഷം നേരിടേണ്ടി വന്ന നഷ്ടങ്ങള്‍ക്ക് എന്ത് പരിഹാരമെന്നതാണ് ചോദ്യം.

ENGLISH SUMMARY:

Kinalur AIIMS land concerns are rising among nearly a hundred families who have relinquished their land for the project, as the Health Minister's statement about the center choosing any land has caused anxiety. These families find themselves in a predicament, unable to sell or cultivate land notified for the project five years ago.