ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഗർഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ മറിച്ചു വിൽക്കുന്ന രണ്ടുപേര്‍ കോട്ടയം ഈരാറ്റുപേട്ടയിൽ പിടിയില്‍. തമിഴ്നാട്ടുകാരന്‍ രാജ, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് പിടിയിലായത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗർഭിണിയായ അസം സ്വദേശിനിയെ തീക്കോയിയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചു വരികയായിരുന്നു ഇരുവരും. പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും പണം നൽകാമെന്നും സംഘം പറഞ്ഞതായി യുവതി പറഞ്ഞു. നിരാകരിച്ചതോടെ മർദിച്ചെന്നും പരാതിയിലുണ്ട്. മൂന്നുലക്ഷം രൂപയാണ് സംഘം വാഗ്ദാനം ചെയ്തത്. ഗർഭിണികളായ മറ്റ് രണ്ടു സ്ത്രീകളും ഒപ്പം ഉണ്ടായിരുന്നുവെന്നും യുവതി.

രണ്ടാമത് ഗർഭിണിയായതിനെ തുടർന്ന് പരാതിക്കാരിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. അമ്മയും അച്ഛനും മരിച്ച യുവതിക്ക് ഭര്‍ത്താവ് മാത്രമായിരുന്നു തുണ. തുടര്‍ന്ന് യുവതി ഡൽഹിയിൽ കുറച്ചുനാൾ താമസിച്ചു അതിനുശേഷമാണ് സോഷ്യല്‍ മീഡിയ വഴി ഒരു ഷെൽറ്റർ ഹോം അന്വേഷിക്കുന്നത്. ഇതിനെ തുടർന്നാണ് സംഘം ഇവരെ കോൺടാക്ട് ചെയ്യുന്നത്. കേരളത്തിലേക്ക് വരൂ, ഇവിടെ സുരക്ഷിതമായി താമസിക്കാം എന്നു പറഞ്ഞ് യുവതിയെ കോട്ടയത്ത് എത്തിക്കുകയായിരുന്നു. കോട്ടയത്ത് എത്തിയതിന് ശേഷമാണ് പ്രസവവും കാര്യങ്ങളുമെല്ലാം കൃത്യമായി നടക്കും ശേഷം ആ കുഞ്ഞിനെ തങ്ങൾക്ക് തരണം എന്ന് സംഘം പറയുന്നത്. വിസമ്മതിച്ചതോടെ യുവതിയെ മര്‍ദിക്കുകയും ചെയ്തു.

രക്ഷപ്പെട്ട് വീട്ടില്‍ നിന്നും പുറത്തെത്തിയ യുവതി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ കോട്ടയം ഗാന്ധിനഗറിലെ സാന്ത്വനം അഭയ കേന്ദ്രത്തിലാണ് യുവതിയുള്ളത്. വഴിയിൽ കരഞ്ഞു നില്‍ക്കുന്നതു കണ്ട് ഈരാറ്റുപേട്ട പൊലീസാണ് പെൺകുട്ടിയെ അഭയ കേന്ദ്രത്തിലെത്തിക്കുന്നത്. അഭയ കേന്ദ്രത്തിന്‍റെ ഡയറക്ടറാണ് പെണ്‍കുട്ടിയോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പൊലീസില്‍ അറിയിക്കുന്നത്. ആദ്യമായിട്ടാണ് യുവതി കേരളത്തില്‍ എത്തുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 

ENGLISH SUMMARY:

Two individuals—identified as Raja from Tamil Nadu and Arjun from Vagamon—have been arrested in Erattupetta, Kottayam, for operating an illegal human trafficking syndicate that brought pregnant women from other states to sell their newborn babies. The arrests followed a police case registered upon a complaint by an Assam native who managed to escape from the gang after being confined in an isolated house in Theekoy, where she was offered three lakh rupees to surrender her child after birth and subsequently assaulted when she refused. The victim revealed that two other pregnant women were also being held captive by the traffickers at the same location.