കുളത്തില്‍ നിന്ന് 12 കാരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ കൊല്‍ക്കത്തിയില്‍ നാല്‍പതുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. വന്‍സംഘര്‍ഷത്തെ തുടര്‍ന്ന് സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബരുയിപൂരില്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ബരുയിപൂരിലെ സൂര്യപൂർ ഗ്രാമത്തിലെ പെണ്‍കുട്ടിയെ ശനിയാഴ്ച രാത്രി മുതലാണ് കാണാതായത്. വൈകീട്ട് സുഹൃത്തിനെ കാണാന്‍ പോയ പെണ്‍കുട്ടി തിരിച്ചു വന്നില്ലെന്നാണ് കുടുംബം നല്‍കിയ പരാതിയിലുള്ളത്. ഞായറാഴ്ച രാവിലെ കുളത്തില്‍ വികൃതമായ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ചില പ്രമുഖര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം കണ്ടെത്തിയതോടെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബവും പ്രതിഷേധം ആരംഭിച്ചു. സീൽദ-നംഖാന റൂട്ടില്‍ മണിക്കൂറോളം പ്രതിഷേധക്കാര്‍ ട്രെയിന്‍ പാത തടഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹവുമായി കുത്തിയിരിപ്പ് സമരം നടത്തിയ സമരക്കാര്‍ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ റോഡ് ഗതാഗതം തടഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചതിന് പിന്നാലെയാണ് ധര്‍ണ അവസാനിപ്പിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊലീസിന് കൈമാറിയത്. കേസന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.