പ്രതിശ്രുത വധുവായിരുന്ന സിയ ഗോയലിനു മറ്റൊരാളുമായി ബന്ധമുണ്ടെന്ന് കൊല്ലപ്പെട്ട കേതൻ അഗർവാൾ സംശയിച്ചിരുന്നതായി അന്വേഷണസംഘം. കേതൻ കുടുംബവുമായി ഇതു പങ്കുവച്ചിരുന്നതയായി പിതാവ് വിശാൽ അഗർവാൾ പൊലീസിനോട് വ്യക്തമാക്കി. പലപ്പോഴും സിയയുടെ ഫോൺ തിരക്കിലാണെന്നും നിസാര കാര്യങ്ങൾക്കു പോലും വലിയ രീതിയിൽ ദേഷ്യപ്പെടുന്നതായും കേതൻ കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നു.
വിവാഹം ഉറപ്പിക്കുന്നതിനു മുൻപു സിയയുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചിരുന്നോ എന്ന് മകൻ ചോദിച്ചതായും കേതന്റെ പിതാവ് പൊലീസിനോടു പറഞ്ഞു. സിയയുടെ സംസാരത്തിൽ ചേതന്റെ കാര്യം പലപ്പോഴും കയറി വരുന്നതു മകനെ അസ്വസ്ഥനാക്കിയിരുന്നെന്നും പിതാവ് വ്യക്തമാക്കി. പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനും സക്സസ് ഗ്രൂപ്പ് ബിസിനസ്സ് സ്ഥാപനത്തിലെ ഡയറക്ടറുമായ കേതൻ അഗർവാൾ ജൂൺ 18ന് പൂനെക്കടുത്തുള്ള ലോഹഗഡ് കോട്ടയ്ക്ക് സമീപമുള്ള ആഴമേറിയ മലയിടുക്കിലേക്ക് വീണാണ് മരിച്ചത്.
ഫോട്ടോയെടുക്കുന്നതിനിടയിലുണ്ടായ അപകടം എന്നായിരുന്നു സംഭവം തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കേതനെ മലമുകളിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു. കേതന്റെ പ്രതിശ്രുത വധുവായ സിയയും കാമുകൻ ചേതനും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് വ്യക്തമായതിനെത്തുടർന്ന് കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ജൂൺ 23ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതക ആസൂത്രണത്തെക്കുറിച്ച് പൊലീസിന് അറിയാതിരിക്കാൻ മൂന്ന് മാസത്തിനിടെ അവർ അവരുടെ ചാറ്റുകളും വോയ്‌സ് നോട്ടുകളും ഉടനടി ഇല്ലാതാക്കിയതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസിന്റെ സൈബർ വിഭാഗം ഇപ്പോൾ അവരുടെ ഡിലീറ്റ് ചെയ്ത വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്.