അമ്മയുടെ പങ്കാളിയില്‍ നിന്നും ക്രൂര മര്‍ദനമേറ്റ ഏഴുവയസുകാരന്‍ മരിച്ചു. ഗുരുതര പരുക്കുകളോടെ താനെയിലെ കെഇഎം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം. യുവതിയുമായി ലൈംഗിക ബന്ധം നടക്കാത്തതിലെ വിരോധത്തിലാണ് പ്രതി കുട്ടിയെ മര്‍ദിച്ചത്. തലയിലും മുഖത്തും വയറിലും ജനനേന്ദ്രിയത്തിലും കുട്ടിക്ക് പരുക്കേറ്റിരുന്നു. സംഭവത്തില്‍ അമ്മയുടെ പങ്കാളി വികാസ് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവണ്ടി സ്വദേശിയായ കുട്ടിയുടെ അമ്മ ഈയിടെയാണ് ഭര്‍ത്താവുമായി പിരിഞ്ഞ് പങ്കാളിക്കൊപ്പം താമസം ആരംഭിച്ചത്. മൂന്നു മക്കളുടെ അമ്മയായ യുവതി അംബേര്‍നാഥില്‍ പങ്കാളിക്കും ഇളയമകനുമൊപ്പമാണ് യുവതി താമസിക്കുന്നത്. മൂത്തകുട്ടികള്‍ പിതാവിനൊപ്പമാണ്താമസം.
കുട്ടി അമ്മയ്ക്കൊപ്പം തുടരുന്നത് ലൈംഗിക ബന്ധത്തിന് തടസമാകുന്നു എന്നതാണ് വികാസിനെ മര്‍ദനത്തിന് പ്രകോപിപ്പിച്ചത്. മുന്‍പ് കുട്ടിയെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇയാള്‍ യുവതിയോട് മകനെ മാറ്റി കിടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച യുവതി ജോലിക്ക് പോയ സമയത്തായിരുന്നു മര്‍ദനം. കുട്ടിയുടെ മുഖവും ജനനേന്ദ്രിയവും വീര്‍ത്തുകയും ശരീരമസകലം ചതവും കണ്ടതോടെയാണ് അമ്മ കാര്യം അന്വേഷിക്കുന്നത്. വികാസിന് മുന്നില്‍ നിന്ന് തുറന്നുപറയാന്‍ ഭയന്ന കുട്ടി ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടകെട്ടിയതായി പരിശോധനയില്‍ കണ്ടെത്തി. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്.