വിവാദമായ പൂനെ ഫോർട്ട് കൊലപാതകക്കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സഹോദരിയുടെ കാമുകനെ തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന സിയയുടെ സഹോദരൻ സാഹിൽ ഗോയലിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്നലെ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനിടെയാണ് സാഹിൽ, ചേതൻ ചൗധരിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. സഹോദരി തന്റെ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അവിടെ വെച്ചാണ് ചൗധരിയെ ആദ്യമായി കണ്ടുമുട്ടിയതെന്നും സാഹിൽ ഗോയൽ പോലീസിനോട് പറഞ്ഞു. എന്നാൽ അവരുടെ മാതാപിതാക്കൾക്ക് ചേതനെ നേരത്തെ പരിചയമില്ലെന്നും സാഹിത് വ്യക്തമാക്കി.
ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ കണ്ടുമുട്ടിയിരുന്ന അവർ കഴിഞ്ഞ വർഷം ഒരു സുഹൃത്ത് സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ വെച്ചാണ് വീണ്ടും കണ്ടുമുട്ടിയതെന്നും തുടർന്ന് അവർ കൂടുതൽ അടുപ്പത്തിലായെന്നും പൊലീസ് പറഞ്ഞു. ജനുവരി മുതൽ ഇരുവരും തമ്മിൽ 2,000-ത്തിലധികം ഫോൺ സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഫോണ്‍രേഖകൾ സൂചിപ്പിക്കുന്നു. ഈ ഫോണ്‍വിളികളുടെ ആകെ ദൈർഘ്യം ഏകദേശം 238 മണിക്കൂറാണ്.
സഹോദരിക്ക് സമ്മതമല്ലായിരുന്നുവെങ്കിൽ തന്റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്ന് സാഹിൽ ഗോയൽ പൊലീസിനോട് പറഞ്ഞു. മകൾ ഒരിക്കലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ചൗധരിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അമ്മ പൂജ ഗോയൽ നേരത്തെ പറഞ്ഞിരുന്നു.
പ്രതികളായ സിയ ഗോയലും ചേതൻ ചൗധരിയും തങ്ങളുടെ വാട്സാപ് ചാറ്റുകൾ, ഇൻസ്റ്റഗ്രാം സംഭാഷണങ്ങൾ, മറ്റ് ഡിജിറ്റൽ രേഖകളെല്ലാം മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതകത്തിന് തലേദിവസം, ജൂൺ 17 ന് പൂനെയിലെ ലുല്ലാനഗറിലെ ഒരു കഫേയിൽ ഗോയലും ചൗധരിയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ ജൂൺ 18 ന് സിയാ ഗോയൽ, കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ ഒരു പാറക്കെട്ടിലേക്ക് കൊണ്ടുപോയി കാമുകൻ ചേതൻ ചൗധരിയുടെ സഹായത്തോടെ പാറക്കെട്ടിൽ നിന്ന് തള്ളിയിട്ടു കൊന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.