കൊല്ലപ്പെട്ട കേതന്‍, പ്രതിശ്രുത വധു സിയ, സിയയുടെ കാമുകന്‍ ചേതന്‍

മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്ത് ലോഹഗഡ് ഫോര്‍ട്ടില്‍ ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് വീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ്. യുവാവിനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിംപ്രി- ചിഞ്ച്‌വാഡിലെ പ്രമുഖ വ്യവസായി വിശാൽ അഗർവാളിന്റെ മകൻ കേതൻ അഗർവാളാണ് (26) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, കാമുകൻ ചേതൻ ചൗധരി എന്നിവരെ ലോണാവാല റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂൺ 18 വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സിയയുടെ ജന്മദിനം ആഘോഷിക്കുന്നതിനായാണ് കേതൻ സിയയോടൊപ്പം ലോഹഗഡ് ഫോര്‍ട്ടില്‍ ട്രക്കിങ്ങിനെത്തുന്നത്. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് സിയ ആദ്യം പൊലീസിന് നൽകിയ മൊഴി. മൂന്ന് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കേതന്‍റെ മൃതദേഹം പുറത്തെടുക്കുന്നത്.

എന്നാൽ സിയയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളുടെ മൊഴികളും പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേതൻ വീഴുന്ന സമയത്ത് സിയയുടെ സുഹൃത്തായ ചേതൻ ചൗധരിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ടതാണെന്ന് സമ്മതിക്കുകയായിരുന്നു.

കേതനുമായുള്ള വിവാഹത്തിന് സിയയ്ക്ക് താല്പര്യമില്ലായിരുന്നെന്നും, കാമുകനായ ചേതനൊപ്പം ജീവിക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഒന്നിച്ച് ജോലി ചെയ്തിരുന്ന സിയയും ചേതനും ദീർഘനാളായി പ്രണയത്തിലായിരുന്നു. കേതനെ ഇല്ലാതാക്കാൻ ജന്മദിന ആഘോഷത്തിന്റെ മറവിൽ ലോഹഗഡ് ഫോര്‍ട്ടിലേക്ക് സിയ മനഃപൂർവ്വം വിളിച്ചുവരുത്തുകയായിരുന്നു.

നവംബറിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് അത്യാഡംബരത്തോടെയായിരുന്നു കേതന്‍റേയും സിയയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. ചടങ്ങുകൾക്കായി ജയ്പൂരിലെ പ്രശസ്തമായ കൊട്ടാരങ്ങളിലൊന്ന് 17 കോടി രൂപയ്ക്ക് ബുക്ക് ചെയ്യുകയും അതിഥികൾക്കായി രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗിമിക്കവെയാണ് സംഭവം.

അതേസമയം, പ്രതികളെ നിലവിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സിയയ്ക്കും ചേതനും മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.