ബിഹാറിലെ ബെഗുസാരായി ജില്ലയിൽ കൂട്ടബലാൽസംഗത്തിനിരയായെന്ന് സ്ത്രീയുടെ പരാതി. അഞ്ച് പുരുഷന്മാർ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സയ്ക്കിടെ യുവതിയുടെ ശരീരത്തിൽ നിന്ന് വെടിയുണ്ട പോലുള്ള വസ്തു, ഒരു കല്ല്, ഒരു മരക്കഷണം എന്നിവ ഡോക്ടർമാർ കണ്ടെടുത്തു.
ജൂൺ 11 ന് രാത്രിയിൽ വീട്ടിൽ നിന്ന് ശുചിമുറിയിൽ പോകാൻ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്നാണ് പരാതി. അഞ്ച് പുരുഷന്മാർ എത്തി തന്നെ ബലപ്രയോഗത്തിലൂടെ ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പ്രതി തന്റെ കൈകാലുകൾ കെട്ടിയിട്ട് ആക്രമിച്ചുവെന്നും പിന്നീട് മാറിമാറി ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി മൊഴി നൽകി.
അക്രമികൾ തന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേൽപ്പിച്ച് തന്നെ ഉപേക്ഷിച്ചുവെന്നും അവർ പറഞ്ഞു. ചികിത്സയ്ക്ക് ശേഷം ജൂൺ 12 ന് യുവതി വീട്ടിലേക്ക് മടങ്ങിയെങ്കിലും കഠിനമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീടിനും ആശുപത്രിയിലെത്തി. പിന്നീട് അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനയിലാണ് കാട്രിഡ്ജ് പോലുള്ള വസ്തു, ഒരു കല്ല്, ഒരു മരക്കഷണം എന്നിവ കണ്ടെടുത്തത്.
സംഭവം നടന്നയുടനെ പൊലീസിൽ അറിയിച്ചിട്ടും കാര്യമായ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചു. അതേസമയം കേസ് അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടി തന്റെ ഗ്രാമത്തിലെ നിരവധി സംശയാസ്പദമായ ആളുകളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.