Image Credit : Twitter

ബിഹാറില്‍ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം മാവില്‍കെട്ടിത്തൂക്കുകയും ചെയ്തു. 25കാരിയായ ഹേമലത കുമാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഗൗതം കാജിയെ പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

ബിഹാറിലെ ബഗഹയലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഭാര്യയുമായി വഴക്കിട്ട ഗൗതം കാജി തൊട്ടടുത്തുളള കരിമ്പിന്‍ പാടത്തേക്ക് ഭാര്യയെ കൂട്ടിക്കൊണ്ടുപോകുകയും അവിടെ വച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് പിന്നാലെ മൃതദേഹം താല്‍ക്കാലികമായി അവിടെ ഒളിപ്പിച്ച ഗൗതം രാത്രി ആരുമറിയാതെ സ്ഥലത്തെത്തി മൃതദേഹം തൊട്ടടുത്തുളള മാവില്‍ കെട്ടിത്തൂക്കി.

തൊട്ടടുത്ത ദിവസം ഹേമലത ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ഹേമലതയുേടത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഗൗതം കാജിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സത്യങ്ങള്‍ പുറത്തുവരുന്നത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു. വഴക്കിനിടയില്‍ പ്രകോപിതനായി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി ഗൗതം സമ്മതിച്ചു. ഹേമലതയുടെ പിതാവിന്‍റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ കൊലപാതകത്തിനും സ്ത്രീധനപീഡനത്തിനുമടക്കം കേസ് രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചു.

ENGLISH SUMMARY:

Bihar Man Arrested for Murdering Wife, Hanging Body From Tree to Stage Suicide in Bagaha