സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ആറുമാസം പൂര്‍ത്തിയായിട്ടും തിരഞ്ഞെടുപ്പിനെ നേരിടാതെ മന്ത്രി ദീപക് പ്രകാശിനെ തുടരാന്‍ അനുവദിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി. രാജ്യത്തെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാതെ എങ്ങനെയാണ് ആറുമാസത്തിലേറെ ഒരാള്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തി. അടിയന്തര പ്രാധാന്യത്തോടെ കേസ് അടുത്തമാസം നാലിന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ മകനാണ് ദീപക്.
ബിഹാര്‍ സര്‍ക്കാരില്‍ പഞ്ചായത്തി രാജ് വകുപ്പ് മന്ത്രിയാണ് ദീപക് പ്രകാശ്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായിരിക്കെ നാലുമാസവും 26 ദിവസവും മന്ത്രിയായിരുന്നു. ഏപ്രില്‍ 15ന് നിതീഷ് കുമാര്‍ മന്ത്രിസഭ മാറിയതോടെ സ്വാഭാവികമായും മന്ത്രിസ്ഥാനവും നഷ്ടമായി. മേയ് 7 ന് സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോഴും ദീപക് മന്ത്രിസഭയില്‍ ഇടം പിടിച്ചു. വീണ്ടും പഞ്ചായത്തിരാജ് മന്ത്രി തന്നെയായി സത്യപ്രതിജ്ഞ ചെയ്തു. ഈ നിയമനം ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതിയിലെത്തിയത്. നിലവില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ട് ഇതുവരെയും ദീപക് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടില്ല.
നിയമം പറയുന്നതെന്ത്? ആര്‍ട്ടിക്കിള്‍ 164(4) അനുസരിച്ച് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ നിയമിച്ചാല്‍ ജനപ്രതിനിധിയല്ലാത്ത ഒരാള്‍ക്ക് മന്ത്രിയാകാം. പക്ഷേ ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിലൂടെ ജയിക്കണം. ഈ കാലയളവില്‍ തിരഞ്ഞെടുപ്പിലൂടെ ജയിച്ചെത്താതിരുന്നാല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം.
ബിഹാറില്‍ സംഭവിച്ചതെന്ത്? ഒറ്റത്തവണയായി ആറുമാസം തിരഞ്ഞെടുക്കപ്പെടാതെ മന്ത്രിസ്ഥാനത്ത് തുടര്‍ന്നില്ലെന്നാണ് ദീപക് പ്രകാശിന്‍റെ കാര്യത്തില്‍ ബിഹാര്‍ സര്‍ക്കാര്‍ വാദിക്കുന്നത്. നിതീഷ്കുമാര്‍ മന്ത്രിസഭയില്‍ നാലുമാസവും 26 ദിവസവും മാത്രമാണ് ദീപക് മന്ത്രിയായിരുന്നതെന്നും ഇത് ആറുമാസത്തിനുള്ളില്‍ വരുന്നുവെന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് മന്ത്രിസഭ രാജിവച്ചുവെന്നും സര്‍ക്കാര്‍ പറയുന്നു. നിലവിലെ മന്ത്രിസഭ അധികാരമേറ്റിട്ട് ആറുമാസമായിട്ടില്ലെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സമയമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
2019 ല്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെടാതെയാണ്. എന്നാല്‍ പിന്നീട് അദ്ദേഹം സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 ല്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന തിരത് സിങ് റാവത്തും തിരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തിലെത്തിയെങ്കിലും ആറുമാസക്കാലയളവില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് രാജിവച്ചൊഴിയേണ്ടി വന്നു. മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയും അധികാരമേറ്റ ശേഷമാണ് രാജ്യസഭാംഗമായത്.