കാപ്പക്കേസ് പ്രതിക്കൊപ്പം വാഹനത്തില് നിന്ന് പിടികൂടിയ യുവതിക്ക് നടുറോഡില് പൊലീസ് സാന്നിധ്യത്തില് ആള്ക്കൂട്ട വിചാരണ. കോഴിക്കോട് കുറ്റ്യാടി വടയത്ത് ഇന്നലെ വൈകീട്ടാണു സിനിമാ സ്റ്റൈല് ചേസിങും യുവതിയെ നൂറില് പരം വരുന്ന ജനക്കൂട്ടം തടഞ്ഞുനിര്ത്തി പരിശോധനയും നടത്തിയത്. ലഹരിക്കടത്ത് അടക്കമുള്ള കേസുകളിലെ പ്രതിയായ യുവാവിനൊപ്പം കാറില് നിന്നും പിടികൂടിയതിന് പിന്നാലെയായിരുന്നു ഇത്. പരാതിയില്ലാത്തതിനാല് കേസെടുത്തിട്ടില്ലെന്നാണ് കുറ്റ്യാടി പൊലീസിന്റെ വിശദീകരണം.
കോഴിക്കോട് കുറ്റ്യാടിയില് ഇന്നലെ വൈകീട്ടാണ് സംഭവം. വെള്ളിയാഴ്ച കക്കട്ടില് കാര് ഓട്ടോറിക്ഷയില് ഇടിച്ചു നിര്ത്താതെ പോയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില് പൊലീസും ഓട്ടോ ഉടമയും സുഹൃത്തുക്കളും തിരച്ചില് നടത്തുന്നതിനിടെ കടക്കേചാലില് കാര് കണ്ടെത്തി. നാട്ടുകാര് വളഞ്ഞതോടെ നിരവധി കേസുകളിലെ പ്രതിയായ, ലഹരി മാഫിയ സംഘാഗമെന്ന ആരോപണം നേരിടുന്ന കാപ്പാ കേസ് പ്രതി മാന്ദാട്ടില് അജ്മല് രക്ഷപെടാന് ശ്രമിച്ചു. ആംബുലന്സ് ഉള്പെടയുള്ള വാഹനങ്ങള് ഇടിച്ചു തെറിപ്പിച്ച്, കാര് മുന്നോട്ടു പാഞ്ഞു. പിറകെ നാട്ടുകാരും.
നീലേച്ചുകുന്നില് വച്ചു കാര് തടഞ്ഞു അജ്മലിനെയും യുവതിയെയും പിടികൂടി. നല്ലപോലെ നാട്ടുകാര് കൈകാര്യം ചെയ്തശേഷം അജ്മലിനെ ആംബലുന്സില് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്ന്നായിരുന്നു യുവതിക്കുനേരെയുള്ള ആള്കൂട്ട വിചാരണ. ബാഗില് ലഹരിമരുന്നുണ്ടെന്ന സംശയമുയര്ത്തി പരിശോധിക്കാന് ആള്ക്കൂട്ടം ആക്രോശം നടത്തി. വസ്ത്രാക്ഷേപത്തിനും ശ്രമമുണ്ടായി. ജില്ലയില് പ്രവേശന വിലക്കുള്ള അജ്മലിനെ കുറ്റ്യാടി പൊലീസ് കാപ്പാ കേസ് റജിസ്റ്റര് ചെയ്ത വളയം സ്റ്റേഷനിലേക്കു കൈമാറി. വിലക്ക് ലംഘിച്ചതിനു കേസെടുത്തു. എന്നാല് യുവതിയെ ആക്രമിച്ചതിന് ഇതുവരെ കേസെടുത്തിട്ടില്ല.