പത്തനംതിട്ട റാന്നി കരിങ്കുറ്റിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് മദ്യപനെ കൈകാലുകൾ കെട്ടിയിട്ട് മർദിച്ച് ആൾക്കൂട്ടം. പൂർണ്ണ നഗ്നനായി വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി ഉന്നക്കാവ് സ്വദേശി 58 വയസ്സുള്ള വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. മർദിച്ച ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
ഈ മാസം ഏഴാം തീയതി അർദ്ധരാത്രിയിലാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. പിറ്റേന്ന് പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിൽ വർഗീസ് മാത്യുവിനെതിരെ റാന്നി പൊലീസ് കേസെടുക്കുകയും ചെയ്തു. ഭാരതീയ ന്യായ സംഹിത 329 (3), 78 വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. വർഗീസിനെ ക്രൂരമായി മർദിച്ചവർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മെയ് 24ന് രാത്രി പതിനൊന്നരയ്ക്കും ഇരുപത്തിയെട്ടാം തീയതി രാത്രിയിലും വർഗീസ് മാത്യു നഗ്നനായി എത്തി വീടുകളിൽ അതിക്രമിച്ച് കയറിയതായി എഫ്ഐആറിൽ പറയുന്നുണ്ട്. അതേസമയം മര്‍ദനമേറ്റതില്‍ പരാതി ഇല്ലെന്നാണ് വർഗീസ് മാത്യുവിന്റെ നിലപാട്. എന്നാല്‍ ദൃശ്യങ്ങൾ പ്രചരിച്ച സാഹചര്യത്തില്‍ പൊലീസ് കണ്ടാലറിയാവുന്നവർക്കെതിരെ കേസ് എടുക്കുകയായികുന്നു. വർഗീസ് മാത്യുവിന്റെ മുഖത്ത് ശക്തമായി അടിക്കുന്ന ദൃശ്യങ്ങളടക്കമാണ് പ്രചരിപ്പിച്ചത്. മർദിച്ചവർ തന്നെയാണു ദൃശ്യങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതെന്നാണു സൂചന.