പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ ഒളി‍ഞ്ഞു നോക്കിയ ആളെ സംഘം ചേര്‍ന്നു മര്‍ദിച്ചതില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യുവിനെ മര്‍ദിച്ചതിലാണ് അറസ്റ്റ്. വീട്ടിൽ ഒളിഞ്ഞു നോക്കിയെന്നാരോപിച്ചു പുല്ലമ്പള്ളി സ്വദേശിയായ വർഗീസ് മാത്യുവിനെയാണ് മര്‍ദിച്ചത്. ചെമ്പൻമുഖം സ്വദേശികളായ എം.കെ.ശശി, റോജി എം.രാജു ജിഷ്ണു പി.മോഹൻ, എം.എസ്.മഹേഷ്, തോമ്പിക്കണ്ടം സ്വദേശി ടി.വി.റെജിൻ എന്നിവരാണ് അറസ്റ്റിലായത്. കൈകൾ കൊണ്ടുള്ള മർദനം വടി ഉപയോഗിച്ചു മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 7നു രാത്രി 11.30ന് ആണു ബിജുവിനു മർദനമേറ്റത്.

 

വിവസ്ത്രനാക്കി കയറുപയോഗിച്ചു കയ്യും കാലും കഴുത്തും കൂട്ടിക്കെട്ടിയ ശേഷമാണു മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബിജു ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശരീരത്തിൽ മുറിവുകളും ഇടതു കയ്യിൽ പൊട്ടലുമുണ്ട്.

 

ബിജു സ്ഥിരമായി ചെമ്പൻമുഖം മേഖലയിൽ വിവസ്ത്രനായി നടക്കാറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സഹിതം നാട്ടുകാർ പൊലീസിലും പരാതി നൽകിയിരുന്നു. പൊലീസ് രാത്രി പട്രോളിങ് കൂട്ടുകയും ചെയ്തു. ഇതിനിടെയാണു ബിജു ആൾക്കൂട്ടത്തിന്റെ മുന്നിൽപെട്ടത്. വീട്ടിൽ ഒളിഞ്ഞു നോക്കിയതിനു ബിജുവിന്റെ പേരിലും റാന്നി പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Five people have been arrested in Ranni, Pathanamthitta, for allegedly assaulting a man accused of peeping into a house. The victim suffered injuries and is undergoing treatment at Kottayam Medical College Hospital.