Image: instagram.com/rachna_gurjar_ji
സോഷ്യൽ മീഡിയയിൽ തന്‍റെ സ്വർണാഭരണങ്ങൾ കാണിച്ച് റീൽസ് പങ്കുവെച്ചതിന് തൊട്ടുപിന്നാലെ യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള മോഹനി ഖ്യാവ്ദ ഗ്രാമത്തിലാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രചന ഗുർജറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 8 ലക്ഷത്തോളം രൂപയുടെ പണവും സ്വർണാഭരണങ്ങളുമാണ് കവര്‍ന്നത്. വെള്ളിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം.
തന്റെ ജീവിതവും വീട്ടിലെ വിശേഷങ്ങളും ഹോം ടൂറുമെല്ലാം സോഷ്യല്‍മീഡിയിലൂടെ സ്ഥിരമായി പങ്കുവെക്കാറുള്ള ആളാണ് രചന. മോഷണം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് ഇത്തരത്തില്‍ തന്‍റെ സ്വർണ്ണ- വെള്ളി ആഭരണങ്ങളുടെയും വിഡിയോയും രചന പങ്കുവച്ചിരുന്നു. പിന്നാലെയാണ് മോഷണം നടക്കുന്നതും. കൃത്യമായ ആസൂത്രണത്തോടെ, സിനിമ സ്റ്റൈലിലായിരുന്നു മോഷണം.
പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം വീടിന് ചുറ്റുമുള്ള കമ്പിവേലി മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ എത്തിയത്. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ രചനയും ഭർത്താവ് ഉദൽ സിങ് ഗുർജറും കിടന്നുറങ്ങിയിരുന്ന മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി. പിടിക്കപ്പെടാതിരിക്കാൻ വീട്ടിലെ സിസിടിവി ക്യാമറകളും മുകളിലേക്ക് തിരിച്ചു വെച്ചു. തുടര്‍ന്ന് അലമാരകളും പൂട്ടുകളും തകർത്ത് 1.91 ലക്ഷം രൂപയും, സ്വർണ്ണ മംഗല്യസൂത്രം, നാല് സ്വർണ്ണമോതിരങ്ങൾ, വെള്ളിയരഞ്ഞാണം എന്നിവ കവർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ക്രേറ്റ് എനർജി ഡ്രിങ്കും എടുത്താണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടത്.
ശനിയാഴ്ച പുലർച്ചെ 4 മണിയോടെ രചന വെള്ളം കുടിക്കാനായി എഴുന്നേറ്റപ്പോഴാണ് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടിയതായി മനസിലാക്കുന്നത്. തുടർന്ന് മറ്റ് കുടുംബാംഗങ്ങളെ വിളിച്ച് വാതിൽ തുറക്കുകയായിരുന്നു. അപ്പോഴാണ് അലമാരകൾ തകർത്തതായും സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായും മനസ്സിലാക്കുന്നത്. ഉടന്‍ പൊലീസില്‍ ്റിയിത്തുതയും ചെയ്തു. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രചന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോകൾ വഴിയാണോ മോഷ്ടാക്കൾ ആഭരണങ്ങൾ സൂക്ഷിച്ച സ്ഥലം മനസ്സിലാക്കിയത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
കവര്‍ച്ച നടന്ന വിവരവും രചന തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല, അന്വേഷണത്തിന്‍റെ പുതിയ പുതിയ വിവരങ്ങളും അപ്പപ്പോള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് രചനയ്ക്ക്.