ദളിതര്‍ക്കെതിരായ ജാതീയ അധിക്ഷേപങ്ങളും പീഡനവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. പമ്പ് സെറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് ഹരിയാനയില്‍ ദലിത് യുവാവിനെ കിണറ്റിലേക്ക് തലകീഴായി കെട്ടിത്തൂക്കിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവച്ചിരിക്കുന്നത്. ഹരിയാനയിലാണ് സംഭവം. മുപ്പത്തഞ്ചുകാരനായ ബാരുവാണ് കടുത്ത പീഡനത്തിന് ഇരയായത്. വെളിമ്പറമ്പില്‍ പ്രാഥമികകൃത്യത്തിനായിറങ്ങിയ യുവാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വളഞ്ഞ് പിടികൂടി. അവരിലൊരാളുടെ വീട്ടിലെ പമ്പ് സെറ്റ് മോഷ്ടിച്ചെന്ന് പറഞ്ഞ് ബാരുവിനെ ഇവര്‍ ബലമായി കിണറിന് സമീപത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കാലില്‍ കയര്‍ കെട്ടി കിണറ്റിലേക്ക് തലകീഴായി ഇറക്കി. യുവാവിനെ കെട്ടിത്തൂക്കുന്നതിന്റെയും അയാള്‍ കിണറിനുള്ളില്‍ കിടന്ന് കരയുന്നതിന്റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെയാണ് വിവരം പുറംലോകം അറിയുന്നത്.

കിണറില്‍ കയറില്‍ തൂക്കിയിട്ട ബാരു രക്ഷപ്പെടുന്നതിനും ശ്രമം നടത്തുന്നുണ്ട്. കയറില്‍ പണിപ്പെട്ട് എത്തിപ്പിടിച്ച് തിരിച്ചുകയറാനായിരുന്നു ശ്രമം. കയറില്‍ പിടികിട്ടിയെങ്കിലും തൊട്ടടുത്ത നിമിഷം പിടിവിട്ട് ഇയാള്‍ താഴേക്ക് പോവുകയും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. തല വെള്ളത്തില്‍ മുങ്ങി ശ്വാസം കിട്ടാതെ പിടയുമ്പോഴൊക്കെ അവര്‍ കയര്‍ മുകളിലേക്ക് വലിച്ച് ബാരുവിനെ ഉയര്‍ത്തും. താന്‍ മോഷ്ടിച്ചിട്ടില്ലെന്നും പൊലീസില്‍ പരാതി കൊടുക്കാനുമെന്നു ഈ ഘട്ടത്തില്‍ ബാരു വിളിച്ച് പറയുന്നുണ്ട്.

തുടര്‍ന്ന് യുവാവിനെ സംഘം കരയ്ക്ക് കയറ്റി മര്‍ദിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. പിന്നീട് പൊലീസില്‍ ബാരു പരാതി നല്‍കി. എന്നാല്‍ കേസില്‍ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. അഞ്ച് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ ഹരിയാനയില്‍ ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അന്‍പത് ശതമാനമാണ് വര്‍ധനവുണ്ടായത്. 2019ല്‍ 1086 കേസുകളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയ സ്ഥാനത്ത് 2021ല്‍ 1628 എന്ന രീതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

ENGLISH SUMMARY:

Dalit atrocities and caste discrimination in India are ongoing issues, as highlighted by a recent incident in Haryana where a Dalit youth was allegedly tied and hung upside down into a well. This horrific event, stemming from accusations of pump set theft, has sparked widespread outrage on social media and underscores the persistent challenges faced by the Dalit community.