പത്തനംതിട്ട കോന്നി ചന്തയ്ക്ക് സമീപം മദ്യലഹരിയിലെത്തിയ മൂന്നംഗ സംഘം എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.   വൈകുന്നേരം ആറേമുക്കാലോടെ ചന്തയ്ക്ക് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെത്തിയ യുവാക്കൾ, ഓട്ടോറിക്ഷകൾക്കിടയിലേക്ക് തങ്ങളുടെ ബൈക്ക് കയറ്റി വെക്കുകയായിരുന്നു. 

ഓട്ടോ തൊഴിലാളികൾ ഇത് ചോദ്യം ചെയ്യുകയും ബൈക്ക് ഇവിടെ നിന്നു മാറ്റി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.

തൊഴിലാളികൾ സംഘടിച്ചതോടെ യുവാക്കളിൽ ഒരാൾ കയ്യിലുണ്ടായിരുന്ന എയർഗൺ പുറത്തെടുത്ത് എല്ലാവർക്കും നേരെ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് നാട്ടുകാരും തൊഴിലാളികളും ഇവരെ കീഴ്പെടുത്തി.  ഒരാൾ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നുപേരിൽ ഒരാൾക്ക് 17 വയസ്സ്  മാത്രമാണ് പ്രായം.

ENGLISH SUMMARY:

Pathanamthitta news about an alarming incident in Konni where an intoxicated trio created a terror atmosphere by brandishing an air gun. This situation escalated after a confrontation at the auto stand, leading to an assault and the subsequent apprehension of two individuals by the Konni police.