കൃത്യമായ സൈൻബോർഡ് ഇല്ലാത്തത്, അനധികൃത പാർക്കിങ്, കാറിന്റെ അമിതവേഗം എന്നീ മൂന്നു ഘടകങ്ങളാണ് കൈപ്പമംഗലം അപകടത്തിന് ഇടയാക്കിയത്. എന്നാൽ, മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നുവെന്നാണ് ദേശീയപാത അതോറിറ്റിയുടെ അവകാശവാദം.
സുഗമമായി വേഗത്തിൽ സഞ്ചരിക്കാവുന്ന ദേശീയപാതയിൽനിന്ന് പെട്ടെന്നാണ് ഗതാഗതം സർവീസ് റോഡിലേക്ക് മാറുന്നത്. ഇങ്ങനെ നിർബന്ധിത ദിശാമാറ്റം വരുമ്പോൾ അകലെനിന്നുതന്നെ കാണാവുന്ന വിധം ദിശാബോർഡ് സ്ഥാപിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. പ്രധാന റോഡിൽ പാലത്തിനു മുകളിലാണ് ഗതാഗതം തടഞ്ഞിരുന്നത്.
കോൺക്രീറ്റ് ബ്ലോക്കുകൾ വച്ച് ഇവിടെ ദിശാമാറ്റം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നടുറോഡിൽ മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നതിനാൽ കാർ യാത്രക്കാർക്കിത് മുൻകൂട്ടി കാണാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥർക്കും നിർമാണ കമ്പനിക്കുമെതിരെ ജനരോഷം ശക്തമാണ്.
അപകടത്തിനു ശേഷമാണ് കരാർ കമ്പനി പുതിയ ദിശാബോർഡുകൾ സ്ഥാപിച്ച് തടിയൂരിയത്. പ്രധാന റോഡിലൂടെ സുഗമമായി വന്ന കാർ നല്ല വേഗത്തിലായിരുന്നു. ലോറികൾ നിർത്തിയിട്ടിരിക്കുന്നത് തൊട്ടടുത്തെത്തിയ ശേഷമാണ് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പാർക്ക് ചെയ്തിരുന്ന ഭാഗത്ത് തെരുവുവിളക്കുകൾ ഇല്ലാതിരുന്നതും ദുരന്തത്തിന് ആക്കം കൂട്ടി. സംഭവത്തിൽ ദേശീയപാത ഉദ്യോഗസ്ഥരോട് കളക്ടർ വിശദീകരണം തേടി.
അതേസമയം, റോഡിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ദേശീയപാത ഉദ്യോഗസ്ഥരുടെ വിശദീകരണം. അമിതവേഗവും അനധികൃത പാർക്കിങ്ങുമാണ് അപകടത്തിനു കാരണമായതെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ദേശീയപാത അധികൃതർ വ്യക്തമാക്കി.