ക്യാമറ കണ്ടപ്പോള്‍ മീശ പിരിച്ച് മാസ് ആറ്റിറ്റ്യൂഡ് ഇട്ട മാല മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിലാണ് മാല മോഷണക്കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായത്. ഗോരഖ്പൂർ സ്വദേശികളായ മുഹമ്മദ് കാമിൽ, മുഹമ്മദ് അഹമ്മദ് എന്നിവരെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും മെഹ്ദാവൽ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലുകൾ വീണ്ടെടുത്ത പൊലീസ് സംഘത്തിന് ക്യാഷ് അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ മോഷ്ടാക്കളേ ഉള്‍പ്പെടുത്തി പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചു.
ഇവിടെ വച്ച് ക്യാമറ കണ്ടതോടെ കള്ളന്മാരുടെ മട്ടും ഭാവവും മാറി. ഇരുവരും മീശ പിരിച്ച് മാസ് കാണിച്ചു. പൊലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ നിൽക്കുമ്പോഴായിരുന്നു പ്രതികളുടെ പ്രകടനം. ചെയ്ത തെറ്റിൽ യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
നിയമവ്യവസ്ഥയോടുള്ള കൂസലില്ലായ്മയാണ് പ്രതികൾ കാണിച്ചതെന്നും സിനിമയിലെ ഹീറോകളെ പോലെയാണ് കള്ളന്മാരുടെ ഭാവമെന്നും പലരും കുറിച്ചു. ക്യാമറ കണ്ടപ്പോൾ വെറുതെ വീരവാദം കാണിക്കാൻ ശ്രമിച്ചതാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. പ്രതികളെ വിലങ്ങ് വക്കണമെന്നും ചിലര്‍ വിമര്‍ശനം കടുപ്പിച്ചു.