AI Image
അവിഹിതബന്ധം എതിര്‍ത്ത മകനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കര്‍ണൂലിലാണ് സംഭവം. വീരേന്ദ്ര(15)യാണ് കൊല്ലപ്പെട്ടത്. ഒരു മാസം കഴിഞ്ഞപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.
വീരേന്ദ്രയുടെ അമ്മ ഗംഗമ്മയും ദര്‍ഗപ്പയെന്ന യുവാവും തമ്മില്‍ പ്രണയത്തിലായി. ഇക്കാര്യം കുട്ടി ചോദ്യം ചെയ്യുകയും ബന്ധുക്കളോടും അയല്‍വാസികളോടും പറയുകയും ചെയ്തു. ഇതേച്ചൊല്ലി യുവതി മകനുമായി വഴക്കിട്ടുവെന്നും ദര്‍ഗപ്പ വീട്ടില്‍ വരുന്നതിനെ വീരേന്ദ്ര എതിര്‍ത്തതോടെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് ഗംഗമ്മയും കാമുകനായ യുവാവും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തി, ഗ്രാമത്തിന് പുറത്തെ ശ്മശാനത്തില്‍ മറവ് ചെയ്തു.
മകന്‍റെ കൊലപാതകം മറച്ചുവയ്ക്കാന്‍ ഗംഗമ്മ നേരെ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. പൊലീസിനൊപ്പം ഗ്രാമം മുഴുവന്‍ ഗംഗമ്മയും തിരഞ്ഞു നടന്നു. മകനെ കാണാതായെന്ന പരാതിയില്‍ അന്വേഷണം കാര്യക്ഷമം അല്ലെന്ന് കാട്ടി ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്.
ഗംഗമ്മയെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ അന്വേഷണ സംഘത്തിന് സംശയങ്ങള്‍ തോന്നി. ഗംഗമ്മയുടെയും കാമുകനായ യുവാവിന്‍റെയും മൊഴികളിലും വൈരുധ്യം കണ്ടെത്തി. ഫോണ്‍ വിളിയുടെ വിശദാംശങ്ങളടക്കം പരിശോധിച്ചതിനൊപ്പം നാട്ടുകാരുടെ മൊഴി കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണം ഗംഗമ്മയിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ശ്മശാനത്തില്‍ നടത്തിയ തിരച്ചിലില്‍ വീരേന്ദ്രയുടെ ശരീരം മറവ് ചെയ്തയിടത്ത് നിന്നും അവശിഷ്ടങ്ങളും ലഭിച്ചു.