വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിൽ തിങ്കളാഴ്ച പട്ടാപ്പകല്‍ 17 വയസ്സുകാരനെ കുത്തിക്കൊന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം മരണം സ്ഥിരീകരിച്ചു. 17 വയസ്സുകാരനായ ഒരു ആൺകുട്ടി നിലത്തു കിടക്കുന്നത് കണ്ടെത്തുകയും കുട്ടി മരിച്ചതായി ഉറപ്പിക്കുകയും ചെയ്തുവെന്ന് വടക്കുകിഴക്കൻ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാഹുൽ അൽവാൽ അറിയിച്ചു. 

പ്രതികളെ എത്രയും വേഗം പിടികൂടുന്നതിനായി ഒന്നിലധികം പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 103(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തുവരികയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു. 

കുത്തേറ്റ സംഭവം ന്യൂ ഉസ്മാൻപൂർ പൊലീസ് സ്റ്റേഷനിലാണ് റിപ്പോർട്ട് ചെയ്തത്. നാടിനെ നടുക്കിയ കൊലപാതകം പ്രദേശവാസികൾക്കിടയിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ‘ഇത് നമുക്കെല്ലാവർക്കും ഒരു ഭീഷണിയാണ്. പകൽ സമയത്താണ് ഇത്തരം കാര്യങ്ങൾ നടക്കുന്നത്. ഇവിടെ ആളുകൾ നിരന്തരം വന്നുപോകുന്ന ഒരു പ്രാദേശിക മാർക്കറ്റ് കൂടിയുണ്ട്. എന്നിട്ടും ആൺകുട്ടികളുടെ ഒരു  സംഘം വന്ന് ഈ ക്രൂരത കാട്ടി. ഇവിടെ ജീവിക്കുന്ന ഞങ്ങളിൽ ഇത് വലിയ ഭയമാണ് ഉണ്ടാക്കിയിരിക്കുന്നത്.’ ഒരു പ്രദേശവാസി പറഞ്ഞു.

അഭിഷേക് എന്ന 17 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പതിനാറോളം വരുന്ന പ്രതികള്‍ ഈ സംഭവത്തിൽ ഉൾപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A 17-year-old boy was stabbed to death in broad daylight in Northeast Delhi's New Usmanpur on Monday. Police confirmed the death upon arriving at the scene. This incident highlights a disturbing trend of violent crime in the region.