File Image Credit: AFP
നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ തെരുവില്‍ തല്ലിച്ചതയ്ക്കുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് സൂപ്പര്‍താരം നസ്റുദ്ദീന്‍ ഷാ. അമേരിക്കന്‍ ഐസിഇ ഏജന്‍റുമാരെ പോലെ നിര്‍ദയമാണ് ഡല്‍ഹി പൊലീസ് പെരുമാറുന്നതെന്നും ഇത് പൊലീസല്ല കയ്യില്‍ വടിയും മുഖത്ത് മാസ്കുമുള്ള ഗുണ്ടകളാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
'എനിക്ക് രണ്ട് കാര്യമാണ് നിങ്ങളോട് പറയാനുള്ളത്. ഒന്നാമത്, അജ്ഞനായ ഒരാളാണ് രാജ്യത്തെ നയിക്കുന്നതെങ്കില്‍ മറ്റുള്ളവരും തന്നെപ്പോലെ അറിവില്ലാത്തവരും കരുണയില്ലാത്തവരുമാകണമെന്നാകും അദ്ദേഹം ആഗ്രഹിക്കുക. വിദ്യാര്‍ഥികള്‍ക്ക് എക്കാലവും എന്‍റെ എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും. കുട്ടികളോട് കാണിക്കുന്ന ക്രൂരത കണ്ടിട്ട് ദേഷ്യം കൊണ്ട് ഞാന്‍ വിറയ്ക്കുകയാണ്. മുഖത്ത് മാസ്കും കയ്യില്‍ ലാത്തിയുമായെത്തുന്ന ഈ ഗുണ്ടകള്‍ അമേരിക്കന്‍ ഐസിഇ ഏജന്‍റുമാരെ ഓര്‍മിപ്പിക്കുന്നു'- അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ തെരുവില്‍ പോരാടുന്നത് വീട്ടില്‍ സ്വസ്ഥമായിരിക്കുന്നവര്‍ക്കും അവരുടെ ഭാവി തലമുറകള്‍ക്കും കൂടി വേണ്ടിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 'വല്ലപ്പോഴുമെങ്കിലും സ്വന്തം മക്കളെ കുറിച്ച് ചിന്തിക്കണം. എപ്പോഴാണ് നിങ്ങള്‍ക്ക് ആ അവസ്ഥ വരുന്നതെന്ന് പറയാന്‍ പറ്റില്ല. പ്രതീക്ഷ ൈകവെടിയരുതെന്നാണ് സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വലിയ ജനത പുറത്തുണ്ട്. പോരാട്ടം തുടരുക'- താരം പറഞ്ഞു. രാജ്യത്തെ യുവാക്കളിലാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.