സ്വന്തം ബന്ധുവായ യുവാവ് തന്നെ പീഡിപ്പിച്ചു എന്ന വിവരം പൊലീസിൽ അറിയിക്കാൻ മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കാത്തിരിക്കേണ്ടി വന്നത് ഒരു പകലും രാത്രിയുമാണ്. കൈകൾ കൂട്ടിക്കെട്ടി, വായിൽ തൂവാല തിരുകിവെച്ചാണ് പെൺകുട്ടിയെ സ്വന്തം ബന്ധു പീഡനത്തിനിരയാക്കിയത്.
സംഭവത്തിന് ശേഷം പരാതി നൽകാനായി പെൺകുട്ടിയും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി. ഒരു രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ ചെലവഴിച്ചതിന് ശേഷമാണ്, പുലർച്ചെ 5 മണിയോടെ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായത്.
ഇരയായ പെൺകുട്ടിയുടെ ദുരിതം അവിടെയും തീർന്നില്ല, വൈദ്യപരിശോധനയ്ക്ക് വിധേയയാകുക എന്ന അടുത്ത ഘട്ടത്തിലും ഇത് തുടർന്നു. രാവിലെ 11 മണിയോടെ പെൺകുട്ടിയുമായി കുടുംബം സബ് ഡിസ്ട്രിക്ട് ആശുപത്രിയിൽ എത്തിയപ്പോൾ, അവിടെ വനിതാ ഗൈനക്കോളജിസ്റ്റ് ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
കുടുംബം പലതവണ ആശുപത്രി കയറിയിറങ്ങിയെങ്കിലും രാത്രി 9 മണി ആയിട്ടും ഡോക്ടർ അവിടെ എത്തിയിരുന്നില്ല. തുടർന്ന് 10 മണിക്കൂറോളം നീണ്ട കഠിനമായ കാത്തിരിപ്പാണ് അവർക്ക് നേരിടേണ്ടി വന്നത്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത അനാസ്ഥ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമിടയിൽ വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്.