Image: x.com/mahto_deepak91

ഹൈദരാബാദില്‍ കുട്ടിയുമായി റോഡരികിലൂടെ നടക്കുകയായിരുന്ന യുവതിക്കുനേരെ പട്ടാപ്പകല്‍ ലൈംഗികാതിക്രമം. മെയ് 14 ന് ഉച്ചയോടെ അൽകാപൂർ ടൗൺഷിപ്പിലെ പ്രണതി ഈഷ അപ്പാർട്ട്മെന്റിന് സമീപമാണ് സംഭവം. സ്കൂളിൽ നിന്ന് കുട്ടിയുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നാലെയെത്തിയ ‌കൗമാരക്കാരനാണ് പിന്നില്‍ നിന്നും യുവതിയുടെ വസ്ത്രം ഉയര്‍ത്തിനോക്കി ഓടി മറഞ്ഞത്. സംഭവം തൊട്ടടുത്തുള്ള സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്, ഇടതുകൈയിൽ കുട്ടിയും വലതുകൈയിൽ കുടയുമായി യുവതി സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്നു. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഒരു കൗമാരക്കാരൻ പിന്നിൽ നിന്ന് അവളുടെ അടുത്തേക്ക് വന്ന് അവളുടെ വസ്ത്രം ഉയർത്തിനോക്കുന്നു. ഭയന്നുപോയ യുവതി എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ തിരിഞ്ഞുനോക്കുന്നതും ഇയാള്‍ ഓടിമറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞെട്ടല്‍ മാറാതെ യുവതി കുറച്ച് നിമിഷങ്ങൾ കൂടി അവിടെ നില്‍ക്കുന്നതും പിന്നീട് അയാള്‍ വന്ന ദിശയിലേക്ക് നടക്കുകയും ചെയ്യുന്നു.

ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ രോഷമാണ് ഉയരുന്നത്. സംഭവം സമീപവാസികളെ ഭയത്തിലാഴ്ത്തിയിട്ടുണ്ട്. റെസിഡൻഷ്യൽ പരിസരങ്ങളില്‍ പോലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂന്നില്ലെന്ന് ഒരു വിഭാഗം പ്രതികരിച്ചു. വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെത്തുടർന്ന് നർസിംഗി പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രദേശത്തെ അറുപതോളം സിസിടിവി ക്യാമറകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ട്. അതേസമയം, അതിക്രമത്തിനിരയായ യുവതി ഇതുവരെ പൊലീസിനെ സമീപിക്കുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതുകൊണ്ടു തന്നെ പൊലീസ് സ്വമേധയാ അന്വേഷണം ആരംഭിക്കുകയായിരുന്നു.

ENGLISH SUMMARY:

Hyderabad molestation involves a disturbing incident where a young woman walking with her child was subjected to public harassment by a teenager who lifted her clothing. This alarming crime, captured on CCTV, has sparked outrage and highlighted concerns about women's safety in residential areas, prompting police to launch an investigation.