girls-assaulted-at-tea-stall-viral

TOPICS COVERED

രാവിലെ ചായ കുടിക്കാന്‍ കടയിലെത്തിയ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഡല്‍ഹിയിലെ നെഹ്റു പ്ലേസില്‍ ഞായറാഴ്ചയാണ് സംഭവം. ചായക്കടയ്ക്ക് പുറത്ത് നിന്ന പെണ്‍കുട്ടികളെ ഒരു സംഘം യുവാക്കള്‍ കളിയാക്കിയതോടെയാണ് സംഭവത്തിന് തുടക്കം. രണ്ട് യുവാക്കള്‍ സ്വന്തം ഷര്‍ട്ട് അഴിച്ച ശേഷം, പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചു. ഇതോടെ പെണ്‍കുട്ടികളിലൊരാള്‍ പ്രതികരിച്ചു. പെട്ടെന്ന് യുവാക്കള്‍ മുന്നോട്ട് കയറിച്ചെല്ലുകയും പെണ്‍കുട്ടികളുടെ മേല്‍ കൈ വയ്ക്കുകയുമായിരുന്നു. ഇവരിട്ടിരുന്ന വസ്ത്രങ്ങള്‍ വലിച്ചു കീറി. കടയിലുണ്ടായിരുന്ന ചില യുവാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. യുവാക്കള്‍ പെണ്‍കുട്ടികളെ കടന്ന് പിടിക്കുകയും മര്‍ദിക്കുകയും അശ്ലീലം പറയുകയും ചെയ്യുന്നത് കണ്ടിട്ടും കടയിലുണ്ടായിരുന്ന ആരും തടഞ്ഞില്ല. സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ മുളവടിക്ക് സംഘം അടിക്കുകയും ചെയ്തു. 

യുവതികളിലൊരാള്‍ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ യുവാക്കള്‍ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് സംസാരിക്കുന്നതും ആക്രമിക്കുന്നതും കാണാം. കൂട്ടത്തിലൊരാള്‍ വിഡിയോ എടുക്കുന്നത് തടയാനും ശ്രമിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അസം, ബിഹാര്‍ സ്വദേശിനികളാണ് ആക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍.

പീരീഡ്സായിരിക്കെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും സഹായത്തിനായി അലറിക്കരഞ്ഞിട്ടും കടയിലുണ്ടായിരുന്ന ആരും വന്നില്ലെന്നും നോക്കി നിന്ന് ചിരിക്കുകയാണ് ഉണ്ടായതെന്നും പെണ്‍കുട്ടി പിടിഐയോട് പ്രതികരിച്ചു. മുന്‍പും ചായക്കടയില്‍ വച്ച് അക്രമിസംഘത്തെ കണ്ടിട്ടുണ്ടെന്നും അപ്പോഴെല്ലാം സുഹൃത്തുക്കള്‍ ഒപ്പമുണ്ടാകാറുണ്ടെന്നും ഇന്നലെ തങ്ങള്‍ മാത്രമായതോടെ യുവാക്കള്‍ അതിക്രമം നടത്തുകയായിരുന്നുവെന്നും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. 

ഇരുവരെയും പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പെണ്‍കുട്ടികള്‍ കൈമാറിയ വിഡിയോയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ എട്ടുപേരെ ചോദ്യം ചെയ്തു. പ്രതികളിലൊരാള്‍ സ്വകാര്യ സ്ഥാപനത്തിലെ കംപ്യൂട്ടര്‍ ഓപറേറ്ററാണെന്നും മറ്റൊരാരാള്‍ കോണ്‍ട്രാക്ട് ജീവനക്കാരനാണെന്നും ഒരാള്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നുവെന്നും പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തു. 

ENGLISH SUMMARY:

In a horrific incident in Delhi's Nehru Place, two young women from Assam and Bihar were sexually assaulted and physically attacked at a tea stall in broad daylight. The ordeal began when a group of men started heckling them, and upon being confronted, the attackers stripped off their own shirts and tore the women's clothing. Despite the victims screaming for help, witnesses at the stall reportedly watched with indifference and even laughed as the group beat the women with bamboo sticks. A two-minute video captured by one of the victims provided crucial evidence, leading the Delhi Police to identify and arrest several suspects, including a computer operator and a mobile shop employee. The case has once again raised serious concerns about women's safety and the disturbing bystander effect in the national capital.