പശുവിനെ കൊന്നുവെന്ന പേരില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ജീപ്പിന്‍റെ ബോണറ്റില്‍ കിടത്തി ക്രൂരമായി പൊലീസ് മര്‍ദിച്ചെന്ന് പരാതി.  അഹമ്മദാബാദിലെ വേജൽപുരില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബോണറ്റിലേക്ക് യുവാവിനെ വലിച്ചിട്ട ശേഷം കാലിലേക്ക് ലാത്തി കൊണ്ട് ശക്തിയായി അടിക്കുന്നത്  വിഡിയോയില്‍ കാണാം. രണ്ട് പൊലീസുകാര്‍ കൈകള്‍ പിടിച്ചുവച്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വേജല്‍പുരില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് സ്ഥലത്തെ നേഹ ഫ്ളാറ്റിന് പിറകിലുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നും 520 കിലോ മാംസം പിടിച്ചെടുത്തുവെന്നും പൊലീസ് പറയുന്നു.  മുഷ്താഖ്, റയീസ് ഹുസൈൻ ഷെയ്ക്ക്, മുനാഫ് മിർ എന്നിവരെ ഇവിടെ നിന്നും പിടികൂടിയെന്നും ഇവര്‍ക്കൊപ്പമുള്ളവര്‍ ഓടിരക്ഷപെട്ടുവെന്നും പൊലീസ് അവകാശപ്പെടുന്നു. 

എന്നാല്‍ പൊലീസ് പറയുന്നത് കളവാണെന്നും വാദങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകന്‍ നൗമാന്‍ ഗാഞ്ചി ആരോപിച്ചു. പൊലീസ് രേഖപ്പെടുത്തിയ സമയത്തിന് മണിക്കൂറുകള്‍ക്കും മുന്‍പേ തന്നെ അറസ്റ്റ് നടന്നിരുന്നുവെന്ന് ഗാഞ്ചി ആരോപിച്ചു. ഒരു സബ് ഇന്‍സ്പെക്ടറും രണ്ട് കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്ന് പ്രതികളെ മര്‍ദിച്ചു. ഈ സബ് ഇന്‍സ്പെക്ടര്‍ക്ക് വഡോദരയില്‍ മുന്‍പ് നടന്ന ഒരു കസ്റ്റഡി മരണവുമായി ബന്ധമുണ്ടെന്നും പ്രതികളെ ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നും ഗാഞ്ചി പറഞ്ഞു. ഗാഞ്ചിയുടെ അവകാശവാദങ്ങളെ ശരി വയ്ക്കുന്നതാണ് പുറത്തുവന്ന വിഡിയോ. ഈ സമയത്ത് സമീപത്തുകൂടി പോയ യുവാവിനേയും പൊലീസ് പിടിച്ചുതല്ലിയതായി റിപ്പോര്‍ട്ടുകളുണ്ട്. റിമാന്‍ഡിന് ശേഷം പ്രതികളെ കസ്റ്റഡിയിലേക്ക് മാറ്റി. 

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന വിഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. പരസ്യമായി ക്രൂരമര്‍ദനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:

Police brutality in Ahmedabad is under scrutiny following allegations that an accused in a cow slaughter case was severely beaten while in police custody. A viral video appears to show the individual being assaulted by officers, sparking widespread discussion and calls for an investigation.