മുപ്പത്തൊന്നുവർഷം മുൻപ് പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡൽഹി പോലീസ് നാടകീയമായി പിടികൂടി. 2000 നവംബറില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളാണ് 26 വര്‍ഷം കഴിഞ്ഞ് പിടിയിലായത്. ഡല്‍ഹി പൊലീസിന്‍റെ വലയില്‍പ്പെടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ലോണി മേഖലയില്‍ അറിയപ്പെടുന്ന യൂട്യൂബറും സാമൂഹ്യപ്രവര്‍ത്തകനുമായി മാറിയിരുന്നു പ്രതി സലിം ഖാന്‍. സലിം വസ്തിക് എന്ന കള്ളപ്പേരിലായിരുന്നു താമസം. ഒന്നും രണ്ടുമല്ല, 63,000 സബ്സ്ക്രൈബര്‍മാരാണ് സലിം വസ്തിക്കിന്‍റെ യൂട്യൂബ് ചാനലിനുള്ളത്.

തട്ടിക്കൊണ്ടുപോകലും കൊലപാതകവും: 1995 ജനുവരി. ഡല്‍ഹി ദര്യാഗഞ്ചിലെ രാംജസ് സ്കൂളില്‍ മാർഷ്യൽ ആർട്സ് ഇൻസ്ട്രക്ടറായിരുന്നു സലിം ഖാൻ. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ സിമന്‍റ് വ്യാപാരം നടത്തിയിരുന്ന സീതാറാം ബന്‍സലിന്‍റെ മകന്‍ സന്ദീപ് ഇതേ സ്കൂളിലാണ് പഠിച്ചിരുന്നത്. 1995 ജനുവരി 20ന് പതിമൂന്ന് വയസുള്ള സന്ദീപ് ബന്‍സലിനെ കാണാതായി. തൊട്ടടുത്ത ദിവസം സീതാറാം ബന്‍സലിന് റാഞ്ചികളുടെ ഫോണ്‍ കോള്‍ ലഭിച്ചു. മുപ്പതിനായിരം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ബാഗ്‍പതിലേക്ക് പോകുന്ന ബസില്‍ പണം വയ്ക്കാനും നിര്‍ദേശിച്ചു.

സന്ദീപിന്‍റെ കുടുംബം റാഞ്ചികള്‍ പറഞ്ഞത് അതേപടി അനുസരിച്ചെങ്കിലും കുട്ടിയെ തിരികെ കിട്ടിയില്ല. പൊലീസ് വിപുലമായ അന്വേഷണം തുടങ്ങി. ഉയരമുള്ള ‘മാസ്റ്റര്‍ജി’യ്ക്കൊപ്പം കുട്ടി സൈക്കിള്‍ റിക്ഷയില്‍ പോകുന്നത് കണ്ടെന്ന സമീപവാസിയുടെ മൊഴി നിര്‍ണായകമായി. പൊലീസ് ‘മാസ്റ്റര്‍ജി’യെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ സലീം ഖാന്‍ കുറ്റം ഏറ്റുപറഞ്ഞു. ഒടുവില്‍ അയാള്‍ മുസ്തഫാബാദിലെ ഓടയില്‍ സന്ദീപിന്‍റെ മൃതദേഹം പൊലീസിന് കാട്ടിക്കൊടുത്തു. കുട്ടിയുടെ കുടുംബത്തിന്‍റെ നീക്കങ്ങളില്‍ സംശയം തോന്നിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു സലീം ഖാന്‍റെ മൊഴി.

പൊലീസ് അതിവേഗം കുറ്റപത്രം സമര്‍പ്പിച്ചു. സലീം ഖാനും കൂട്ടുപ്രതി അനിലിനും 1997ല്‍ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇരുവരും ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കി. അപ്പീല്‍ നിലനില്‍ക്കേ 2000ല്‍ ഡല്‍ഹി ഹൈക്കോടതി പ്രതികള്‍ക്ക് ഇടക്കാലജാമ്യം നല്‍കി. അന്ന് മുങ്ങിയതാണ് സലീം. പിന്നീട് പൊലീസ് ഡല്‍ഹിയും യുപിയും ഹരിയാനയുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും കക്ഷിയുടെ പൊടിപോലും കിട്ടിയില്ല. പൊലീസിനെ കബളിപ്പിക്കാന്‍ ഹരിയാനയിലും യുപിയിലുമെല്ലാം അലമാര നിര്‍മാതാവും പണിക്കാരനായുമെല്ലാം വേഷമിട്ടു.

ഒടുവില്‍ ലോണിയില്‍ എത്തി പേരുമാറ്റി താമസമുറപ്പിച്ചു. സലീം വസ്തിക് എന്നായിരുന്നു പുതിയ പേര്. ‘മുന്‍ മുസ്‍ലിം’ സലീം വസ്തിക് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. വിവാദമുണ്ടാക്കിയ പല വിഡിയോകളും ഇയാളുടെ യൂട്യൂബ് ചാനലിന് ശ്രദ്ധ നേടിക്കൊടുത്തു. സബ്സ്ക്രൈബര്‍മാരുടെ എണ്ണം കൂടി. ഒടുവില്‍ ആ പ്രശസ്തി തന്നെ സലീമിന് വിനയായി. രണ്ടുമാസം മുന്‍പ് ലോണിയിലെ ഓഫിസില്‍ വച്ച് വിവാദ വിഡിയോകളുടെ പേരില്‍ രണ്ടുപേര്‍ സലീം വസ്തിക്കിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരനിലയിലായ ഇയാള്‍ നീണ്ട ചികില്‍സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഈസമയത്ത് പൊലീസ് സംരക്ഷണം പോലും ലഭിച്ചിരുന്നു. അക്രമിസംഘത്തിലെ രണ്ടുപേരെയും യുപി പൊലീസ് ഏറ്റുമുട്ടലില്‍ വധിക്കുകയും ചെയ്തു.

ഫെബ്രുവരിയിലെ ആക്രമണത്തിനുശേഷം പൊലീസിന് സലീം വസ്തിക്കിനെക്കുറിച്ച് ചില രഹസ്യസൂചനകളടങ്ങിയ സന്ദേശം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 31 കൊല്ലം മുന്‍പ് പതിമൂന്നുകാരനെ കൊലപ്പെടുത്തി അതേ സലീം ഖാനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്. രഹസ്യമായി നീങ്ങിയ പൊലീസ് സലീമിന്‍റെ പഴയ ഫോട്ടോകളും വിരലടയാളവുമെല്ലാം സംഘടിപ്പിച്ച് ഒത്തുനോക്കി. ആള്‍ ഇതുതന്നെയെന്ന് ഉറപ്പിച്ചതിന് പിന്നാലെ അതിവേഗം അറസ്റ്റ്. കോടതി നടപടികള്‍ക്കുശേഷം സലീം തിഹാര്‍ ജയിലിലായി. 

ENGLISH SUMMARY:

The Delhi Police have arrested Salim Khan, a former martial arts instructor who kidnapped and murdered a 13-year-old student for ransom in 1995. After jumping interim bail in 2000, Khan evaded capture for 26 years by assuming the identity of "Salim Vastik" and working various odd jobs across North India. He eventually gained notoriety as a controversial YouTuber and social media activist in Loni, Uttar Pradesh, amassing over 63,000 subscribers. His true identity was uncovered following a police investigation triggered by a recent physical attack on him, leading to his return to Tihar Jail.