കോഴിക്കോട് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്നു യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഒന്നിച്ചു താമസിച്ചിരുന്ന സഹോദരങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങളുടെ പ്രതികാരമെന്നു പൊലീസ്. മോശം കൂട്ടുകെട്ടും മോഷണശ്രമവും ഉണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അദിനാനെ കഴിഞ്ഞ ഡിസംബറില്‍ തറവാട് വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ മുന്‍കൂട്ടിയുറപ്പിച്ചായിരുന്നു കൊലയെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി അദിനാന്റെ മൃതദേഹം വിട്ടുകൊടുത്തു. കൊല്ലപെട്ട നസ്രീനയുടെ പോസ്റ്റുമോര്‍ട്ടം ഇന്നു നടക്കും.
വീട്ടുടമ ബിസിനസ് ആവശ്യത്തിനായി പുറത്തായിരിക്കുന്നതിനാലാണു മകളുടെ മകനായ അദിനാന്‍ കൂട്ടുകിടക്കാനായി പൂതംകുഴിയിലെ വീട്ടിലെത്തിയിരുന്നത്. ലഹരി ബന്ധം കണ്ടെത്തിയതും പണം മോഷണം പോവുകയും ചെയ്തതോടെ വീട്ടില്‍ കയറുന്നതു ഡിസംബറില്‍ വിലക്കി. ഇതിനു പിന്നില്‍ നസ്രിനയാണെന്ന ചിന്തയാണു കൊലയിലേക്ക് നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
വീട്ടിലെ സിസിടിവി ക്യാമറ അദിനാന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ നസ്രീനയുടെ നിര്‍ബന്ധം മൂലം അടുത്തിടെ ഈ ബന്ധം വിച്ഛേദിച്ചതും വൈരാഗ്യത്തിനിടയാക്കി. ബന്ധുക്കള്‍ ഒത്തുചേര്‍ന്നു സത്കാരം നടത്തിയ സമയത്താണ് അദിനാന്‍ മറ്റാരും അറിയാതെ വീട്ടില്‍ കയറികൂടിയതെന്നും വ്യക്തമായിട്ടുണ്ട്. മൂഴിക്കലില്‍ നിന്ന് നടന്നുവന്ന അദിനാന്‍ പൂതംകൂഴിയില്‍ മീത്തല്‍ റോഡിലെത്തി മതില്‍ ചാടികടന്നാണ് അകത്തു കയറിയത്. ബന്ധുക്കള്‍ മടങ്ങിയ ശേഷം പുലര്‍ച്ചെ ഒന്നാം നിലയിലെ നസ്രീനയുടെ മുറിയിലെത്തി കൊലപാതകം നടത്തുകയായിരുന്നു.
പാക്കിങ് ടേപ്പ് കൊണ്ടു വായും മൂക്കും ഒട്ടിച്ചശേഷം കഴുത്തു ഞെരിച്ചാണു കൊന്നത്. ശ്വാസം മുട്ടിയാണു മരണമെന്നാണു പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ഇതിനുശേഷം രക്ഷപെടാനും ഇയാള്‍ ശ്രമിച്ചതായി സൂചനയുണ്ട്. വീടിന്റെ താഴത്തെ നിലയിലെ മുറികളടക്കം പരിശോധിച്ച നിലയിലാണ്. ഇതിനിടയിലാണു മുത്തശി ഉണര്‍ന്നു ബഹളം വച്ചതും അയല്‍വാസികള്‍ ഓടിക്കൂടിയതും. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച അദിനാന്‍ പിന്നീട് പാക്കിങ് ടേപ്പ് മുഖത്തൊട്ടിച്ചു സ്വയം മരിച്ചുവെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
അദിനാന്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. അദിനാന്റെ ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.