കോഴിക്കോട്ട് 16കാരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ബന്ധുവായ 20കാരന്‍ ജീവനൊടുക്കി. മൂഴിക്കലില്‍ ആണ് സംഭവം. സഹോദരിമാരുടെ മക്കളാണ് ഇരുവരും. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വീടിന്‍റെ മുകളിലത്തെ നിലയിലെത്തി വിഷം കഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.
ഇന്നു രാവിലെയാണ് പെണ്‍കുട്ടിയുടേയും യുവാവിന്‍റേയും മരണവിവരം പൊലീസിനെ അറിയിക്കുന്നത്. മാസങ്ങള്‍ മുന്‍പ് വരെ ഇതേ വീട്ടിലായിരുന്നു ഈ യുവാവും താമസിച്ചിരുന്നതെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പറഞ്ഞുവിടുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ ബന്ധുക്കളെല്ലാമുള്ള സമയത്താണ് യുവാവ് വീടിനകത്ത് കയറിയത്. വല്യുമ്മയും ബന്ധുക്കളും വീട്ടില്‍ ആരോ കയറിയതായി സംശയം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് ഷോള്‍ കഴുത്തില്‍ മുറുക്കിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. കട്ടിലിനടിയില്‍ ഒരു കാലു കണ്ടതോടെ മുറി പൂട്ടി ബാക്കിയുള്ളവരെ അറിയിച്ചു. തുടര്‍ന്ന് മറ്റ് ബന്ധുക്കള്‍ കൂടി വന്നു നോക്കിയതോടെയാണ് ബന്ധുവായ അഭിനാന്‍ ആണെന്നു മനസിലായത്. പിന്നാലെയാണ് മറ്റൊരു മുറിയില്‍ കയറി അഭിനാന്‍ ജീവനൊടുക്കിയത്. പല ഭാഗത്തും സിസിടിവി ക്യാമറകള്‍ ഉണ്ടെങ്കിലും സിസിടിവിയിലൊന്നും പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല.
വീടിന്‍റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചാണ് യുവാവ് വീടിനകത്ത് കയറിയത്. നേരത്തേയുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷം ഇവിടേക്ക് വരരുതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നുവെന്നും വിവരമുണ്ട്. മര്‍കസ് സ്കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഇതേ സ്കൂളില്‍ തന്നെയാണ് പ്രതിയും പഠിച്ചിരുന്നത്.
പെണ്‍കുട്ടിയുടെ മുഖത്തും കൈകളിലും പ്രതി ടേപ് ഒട്ടിച്ചിരുന്നതായും കൊലപ്പെടുത്തിയ ശേഷം കയ്യില്‍ കരുതിയ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. അതേസമയം കുട്ടിയുടെ ഉമ്മയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഞെട്ടിയുണര്‍ന്ന് ബഹളം വച്ചതോടെ പ്രതി ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. കൊലപാതകത്തിന്‍റെ യഥാര്‍ഥ കാരണമന്തെന്ന് വ്യക്തമായിട്ടില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷമാണ് യുവാവ് ജീവനൊടുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.