തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ ബി.ജെ.പിയില്‍ 'രഹസ്യ' അന്വേഷണം. തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടിക്കാര്‍ തന്നെയെന്ന സംശയത്തില്‍ നേതൃത്വം. രഹസ്യങ്ങള്‍ ചോര്‍ത്തുന്നവരെ കണ്ടെത്തി നടപടിക്കും നീക്കം. സംസ്ഥാന അധ്യക്ഷന്‍ ശനിയാഴ്ച തിരുവനന്തപുരത്തെത്തും.
ബി.ജെ.പിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിന് തെളിവായി ശബ്ദരേഖകള്‍ പുറത്തു വന്നിരുന്നു. കൊടികള്‍ വാങ്ങിയതിന് സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയെന്ന് കമ്മീഷന്‍ നല്‍കിയ സ്ഥാപനത്തിന്‍റെ പ്രതിനിധി സ്ഥിരീകരിക്കുന്നത് ശബ്ദരേഖയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിലെ കട്ടൗട്ടിന്‍റെ പേരില്‍ വ്യാജബില്ലുണ്ടാക്കി പതിനാറ് ലക്ഷം രൂപ വീതിച്ചെടുക്കാമെന്ന് സംസ്ഥാന സമിതിയംഗം പറയുന്ന ശബ്ദരേഖയും മനോരമ ന്യൂസിന് ലഭിച്ചു.
Also Read: മോദിയുടെ കട്ടൗട്ടിന്റെ പേരിൽ ഫണ്ട് തട്ടാൻ പദ്ധതി; ബിജെപി നേതാക്കളെ കുടുക്കി ശബ്ദരേഖകൾ
അഞ്ജനയ്ക്ക് 31 ലക്ഷം കൊടുത്തപ്പോള്‍ പറഞ്ഞതല്ലേ ഫുള്‍ എമൗണ്ട് തന്നിട്ട് കൊടുക്കാമെന്ന്? ഇലക്ഷന്‍ കഴിഞ്ഞ ഉടനെ ബാക്കി 4.65 ലക്ഷം തരാമെന്ന് അഞ്ജന പറഞ്ഞിട്ടാണ് 31 ലക്ഷം കൊടുത്തത്. ഇപ്പോള്‍ ആരും ഫോണ്‍ എടുക്കുന്നില്ല. എന്‍റെ കാര്യം ബുദ്ധിമുട്ടിലാണെന്ന് കൊടി വിറ്റ സ്ഥാപന പ്രതിനിധി ശബ്ദരേഖയില്‍ പറയുന്നു. കേന്ദ്രം സൗജന്യമായി കൊടികള്‍ തന്നെങ്കിലും സംസ്ഥാന നേതൃത്വം സ്വന്തം നിലയിലും തിരഞ്ഞെടുപ്പ് കാലത്ത് കൊടികള്‍ വാങ്ങിയിരുന്നു. അങ്ങനെ കൊടി കച്ചവടം നടത്തിയ സ്ഥാപനത്തിന്‍റെ പ്രതിനിധിയുടേതാണ് ശബ്ദം. കൊടി ഇടപാടിന് 31 ലക്ഷം രൂപ സംസ്ഥാന സെക്രട്ടറി മുന്‍കൂറായി കമ്മീഷന്‍ വാങ്ങി. എന്നിട്ട് കൊടിയുടെ വിലയായി കൊടുക്കാന്‍ കുടിശികയുള്ള തുക ചോദിക്കുമ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ലത്രേ.
പ്രധാനമന്ത്രിയുടെ കട്ടൗട്ടില്‍ നിന്നും കയ്യിട്ട് വാരിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് രണ്ടാമത്തേത്. പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ നരേന്ദ്ര മോദി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തിയപ്പോള്‍ പല വലിപ്പത്തിലുള്ള കട്ടൗട്ടുകള്‍ അച്ചടിച്ചിരുന്നു. ആ കട്ടൗട്ടിന്‍റെ പേരിലാണ് തിരഞ്ഞെടുപ്പ് പബ്ളിസിറ്റി കമ്മിറ്റിയില്‍ അംഗമായിരുന്ന സംസ്ഥാന സമിതിയംഗമായ നേതാവ് തട്ടിപ്പ് നടത്തുന്നത്.
ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്ന തട്ടിപ്പിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്. എന്നിട്ടും തട്ടിപ്പില്ലായെന്ന വാദത്തില്‍ ഉറച്ച് നിന്ന് അന്വേഷണം പോലും ഒഴിവാക്കുകയാണ് ബി.ജെ.പി നേതൃത്വം.