കളമശേരി മണ്ഡലത്തിലെ കുന്നുകരയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനുനേരെ സി.പി.എം പ്രവർത്തകരുടെ അതിക്രമം. കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മാരകായുധങ്ങളുമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോൺഗ്രസ് രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് ഇരച്ചുകയറിയ സംഘം അവിടുത്തെ ബോർഡുകളും പ്രചാരണ സാമഗ്രികളും തകർത്തു. മാരകായുധങ്ങളുമായാണ് സംഘം എത്തിയതെന്നും പ്രവർത്തകർക്ക് നേരെ വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരെ കത്തികൊണ്ട് കുത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്. ആക്രമണത്തിന് നേതൃത്വം നൽകിയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. അക്രമിസംഘം ഓഫീസിലെ ബോർഡുകൾ നശിപ്പിക്കുന്നതും പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.