AI Image
ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ രാംനവമി ഘോഷയാത്രയ്ക്കിടെ ക്രൂര കൊലപാതകം. ഘോഷയാത്രയുടെ ഭാഗമായിരുന്ന ഡിജെ വാഹനത്തിന് മുകളില്‍ നിന്ന മൂന്ന് കുട്ടികളോട് ഒരു യുവാവ് താഴെയിറങ്ങാന്‍ നിര്‍ദേശിച്ചതാണ് പ്രകോപനമായത്. ഇവര്‍ ഘോഷയാത്രയില്‍ പിടിച്ചുനടന്ന ‘ഭുജലി’ എന്ന പരമ്പരാഗത ആയുധമുപയോഗിച്ച് നാല്‍പ്പതുകാരനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാംകുമാര്‍ സാഹു ആശുപത്രിയിലെത്തിക്കുംമുന്‍പ് മരിച്ചു. അക്രമികള്‍ മൂന്നുപേര്‍ക്കും പതിനെട്ട് വയസ് മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു.
ഗഡോഖര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ നാലുപേര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഹസാരിബാഗ് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് അമിത് ആനന്ദ് അറിയിച്ചു. 48 വയസുള്ള നാലാമനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. കൊലപാതകത്തിനുപയോഗിച്ച ആയുധം പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഗഡോഖറിലെ ഗ്രാമമുഖ്യന്‍റെ സഹോദരനാണ് കൊല്ലപ്പെട്ട രാംകുമാര്‍ സാഹു. രാംനവമി ഘോഷയാത്ര പോലെയുള്ള ആഘോഷങ്ങളില്‍ ഡിജെ വാഹനങ്ങള്‍ സ്ഥിരം കാഴ്ചയാണ്. വലിയ സ്പീക്കറുകള്‍ കെട്ടിവച്ച് ഉച്ചത്തില്‍ പാട്ടുവച്ച് നീങ്ങുന്ന വാഹനങ്ങളില്‍ അപകടകരമായ രീതിയില്‍ ആളുകള്‍ കയറിനില്‍ക്കാറുണ്ട്. ഇത് വിലക്കാന്‍ ശ്രമിച്ചതാണ് രാംകുമാര്‍ സാഹുവിന് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് പൊലീസ് കരുതുന്നത്.