AI Image
ബൈക്കിനെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 28-കാരിയായ യുവതിയുടെ മുഖത്ത് കരിതേച്ച് പരസ്യമായി നടത്തിച്ചു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. അക്രമിയെയും പെണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാഭാനഗ്ര കോളനി നിവാസികളായ പങ്കജ് സിങ് (25), സുഹൃത്ത് സാന്ത്ന കുമാരി (23) എന്നിവരെയാണ് സദർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: യുവതിയുടെ ഭർത്താവും പ്രതിയായ പങ്കജും അയൽവാസികളാണ്. നാലുദിവസം മുമ്പ് പങ്കജിന്റെ ബൈക്ക് യുവതിയുടെ ഭര്‍ത്താവ് എടുത്തുകൊണ്ടുപോയതാണ് തർക്കത്തിന് കാരണമായത്. തന്റെ ബൈക്ക് മോഷ്ടിച്ചതാണെന്ന് പങ്കജ് ആരോപിച്ചിരുന്നു. എന്നാൽ ഭർത്താവാണ് ബൈക്ക് കൊണ്ടുപോയതെന്നും അത് ഉടൻ തിരികെ നൽകുമെന്നും യുവതി പങ്കജിന് ഉറപ്പുനൽകിയിരുന്നു.
ഞായറാഴ്ച വീണ്ടും ബൈക്ക് ആവശ്യപ്പെട്ടെത്തി പങ്കജും വനിതാ സുഹൃത്തും ചേർന്ന് യുവതിയെ പിടികൂടുകയും മുഖത്ത് കരിതേച്ച് കോളനിയിലൂടെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പോലീസ് യുവതിയെ രക്ഷപ്പെടുത്തി.
അന്വേഷണം തുടരുന്നു : ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ബൈക്ക് മോഷണം പോയതാണെങ്കിൽ എന്തുകൊണ്ട് പൊലീസിൽ പരാതി നൽകിയില്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ പങ്കജിനായില്ല. ബൈക്ക് മോഷണം പോയതാണോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.