kaloor-kochi-girls-attack

പ്രതീകാത്മക ചിത്രം

കൊച്ചി കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളെ എറണാകുളം നോർത്ത് പൊലീസ് പിടികൂടി. പാലക്കാട് സ്വദേശികളായ അരുൺ, സാബിത്ത്, മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പിടിയിലായത്. അതേസമയം, കേസിലെ ഒന്നാം പ്രതി കലൂർ ലിബർട്ടി ലൈനിൽ ഹൈലാൻഡ് ലോഡ്ജ് നടത്തിപ്പുകാരാനായ മണ്ണാർക്കാട് സ്വദേശി അക്ബർ അലിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മറ്റ് പ്രതികൾക്കായും തിരച്ചില്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ആക്രമണം. പെണ്‍കുട്ടികള്‍ ഒന്നിച്ച് കലൂർ ചക്കാലപ്പാടം റോഡിലൂടെ ചായ കുടിക്കാൻ പോകുന്ന സമയം ഒരു സംഘം ആക്രമിച്ചെന്നാണ് പരാതി. അക്രമികളുടെ സംഘത്തില്‍ രണ്ട് യുവതികളുമുണ്ടായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്കുനേരെ അശ്ലീല ആഗ്യം കാണിക്കുകയും ഇത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതിന് പിന്നാലെ വാക്കുതർക്കം ഉണ്ടാകുകയുമായിരുന്നു. പരാതിക്കാരി മൊബൈലിൽ വിഡിയോ ചിത്രീകരിക്കാൻ തുടങ്ങിയതോടെ യുവാക്കളില്‍ ഒരാള്‍ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു. 

ഇവരിൽ ഒരാളെ സംഘം നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും നെഞ്ചിൽ ഉൾപ്പെടെ പരുക്കേൽപ്പിക്കുകയും ചെയ്തു. ജീവരക്ഷാർത്ഥം ഓടിയ പെൺകുട്ടികൾക്ക് പിന്നാലെയും അക്രമിസംഘം അക്രമം തുടർന്നു. ആറ് യുവാക്കളുടെയും രണ്ട് യുവതികളുടെയും നേതൃത്വത്തിലാണ് ആക്രമം നടന്നതെന്ന് പെൺകുട്ടികളുടെ സുഹൃത്ത് പ്രതികരിച്ചു. പരുക്കേറ്റ പെണ്‍കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്, നില ഗുരുതരമല്ല. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ENGLISH SUMMARY:

A group of young girls was brutally assaulted by a four-member gang of youths in Kaloor, Kochi, during the early hours of today. The dynamic altercation began around 4:30 AM when the girls courageously questioned the inappropriate comments passed at them by the micro-group while walking down the street. Provoked by their resistance, the corporate harassers turned physically violent, allegedly kicking one girl in the chest and thrashing them onto the road. The injured victim was immediately rushed to the Ernakulam General Hospital, where medical staff confirmed that her overall physical status is currently stable. The Ernakulam North Police have registered a formal case, tracking the culprits using recovered local CCTV footage to ensure a swift arrest.