AI Image

AI Image

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. പ്രയാഗ്‌രാജ് പോക്‌സോ (POCSO) കോടതിയാണ് പ്രതി മുകേഷ് പട്ടേലിന് വധശിക്ഷ വിധിച്ചത്. 25,000 രൂപ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കില്‍ ഒരു വർഷം തടവുശിക്ഷ കൂടി അനുഭവിക്കേണ്ടി വരുമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി വിനോദ് കുമാർ ചൗരസ്യ വിധിയില്‍ വ്യക്തമാക്കി

2024 ഒക്ടോബർ മൂന്നിനാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. വൈകുന്നേരം വീട്ടിൽ നിന്ന് മരുന്ന് വാങ്ങാന്‍ മെഡിക്കൽ സ്റ്റോറിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. പിറ്റേദിവസം രാവിലെ സമീപത്തെ പാടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ഒക്ടോബർ നാലിന് സോറാവോൺ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ സാക്ഷിമൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മുകേഷ് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തതായി തെളിഞ്ഞെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വിനയ് കുമാർ ത്രിപാഠി ഹാജരായി. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ച കോടതി, പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ശരിവെച്ചുകൊണ്ടാണ് പ്രതിക്ക് പരമാവധി ശിക്ഷ നൽകിയത്.

ENGLISH SUMMARY:

A POCSO court in Prayagraj has sentenced Mukesh Patel to death for the brutal rape and murder of an eight-year-old girl in 2024. The minor was attacked while going to a medical store. Judge Vinod Kumar Chaurasia categorized the case as 'rarest of rare' and imposed a fine of ₹25,000. Scientific evidence and witness testimonies led to the conviction in the Soraon police station case.