ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നും നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അറസ്റ്റിലായ 25കാരന്‍ സുരേഷ് പർമാർ ആണ് പൊലീസ് കസ്റ്റഡിയിൽ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. പൊലീസുകാരെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രിയാണ് വാസദ് റെയിൽവേ സ്റ്റേഷനിൽ കുടുംബത്തോടൊപ്പം കഴിയുകയായിരുന്ന നാല് വയസ്സുകാരിയെ കാണാതാകുന്നത്. അടുത്ത ദിവസം രാവിലെ സ്റ്റേഷന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം വികൃതമാക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വഡോദര റെയിൽവേ പൊലീസ്, ലോക്കൽ ക്രൈംബ്രാഞ്ച്, എസ്.ഒ.ജി എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതി കുഞ്ഞിനെയുമെടുത്ത് പ്ലാറ്റ്‌ഫോമിൽ നിന്ന് പോകുന്നത് കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾക്കകം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ലൈംഗികാതിക്രമത്തെ തുടർന്നാണ് കുട്ടി മരണപ്പെട്ടതെന്നും മൃതദേഹം പിന്നീട് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആനന്ദ് എസ്.പി മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ആക്രി സാധനങ്ങൾ പെറുക്കി ജീവിക്കുന്ന കുട്ടിയുടെ കുടുംബം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ പ്രദേശത്ത് എത്തിയത്.
പ്രതിയെ പൊലീസ് പിടികൂടി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ ആനന്ദ് ലോക്കൽ ക്രൈംബ്രാഞ്ച് സംഘം പ്രതിയുമായി യാത്ര ചെയ്യുന്നതിനിടെ ഇയാൾക്ക് ഛർദ്ദിക്കാൻ വരുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനം റോഡരികിൽ നിർത്തി. എന്നാല്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പ്രതി കയ്യിൽ കരുതിയ കത്തി പുറത്തെടുത്ത് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
ആയുധം താഴെയിടാൻ സബ് ഇൻസ്പെക്ടർ റാണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി ആക്രമണം തുടർന്നു. ഇതോടെ സ്വയം പ്രതിരോധത്തിനായി പൊലീസ് വെടിയുതിർക്കുകയായിരുന്നു. ആദ്യം വായുവിൽ മുന്നറിയിപ്പ് വെടിവച്ചു. എന്നാൽ പ്രതി ആക്രമണം തുടർന്നതോടെ സ്വയം പ്രതിരോധത്തിനായി പ്രതിക്ക് നേരെ 5 റൗണ്ട് വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും ഇടുപ്പിലും കാലിലും വെടിയേറ്റ പ്രതിയെ വെടിയേറ്റ പ്രതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്.