AI Image

ജാർഖണ്ഡിലെ റാഞ്ചിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ഇരുമ്പുവടിക്ക് അടിച്ചു കൊന്നു. സോനാഹാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ലാപുങ്‌ദിഹ് ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഗംഗി ദേവി (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് ചിത്രരഞ്ജൻ സിങ് മുണ്ട (40) ഒളിവിലാണ്.

തിങ്കളാഴ്ച ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാഗ്വാദം രൂക്ഷമായതോടെ ചിത്രരഞ്ജൻ ഇരുമ്പുവടിയെടുത്ത് ഗംഗി ദേവിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം പ്രതി ഗ്രാമത്തിൽ നിന്നുതന്നെ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞെത്തിയ സോനാഹാട്ടു പൊലീസ് സ്റ്റേഷന്‍ ഇൻ–ചാർജ് പ്രേം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊലപാതകത്തിന് ഉപയോഗിച്ച ഇരുമ്പുവടി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റാഞ്ചിയിലെ റിംസ് (RIMS) ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് എഫ്ഐആര്‍ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ENGLISH SUMMARY:

In a shocking incident of domestic violence in Ranchi’s Sonahatu, 40-year-old Chitranjan Singh Munda allegedly killed his wife Gangi Devi with an iron rod following a heated argument. The victim died on the spot at Lapungdih village. Sonahatu police recovered the weapon and shifted the body to RIMS Ranchi for autopsy. A massive manhunt is underway to nab the absconding husband. This adds to the rising concerns over domestic disputes in Jharkhand.