എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ പ്രഭാതസവാരിക്കിറങ്ങിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ വെടിയേറ്റുമരിച്ചു. സൈഡ് കൊടുക്കാത്തതിനെച്ചൊല്ലി രണ്ട് കാറുടമകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് റിട്ടയേഡ് ബ്രിഗേഡിയർ മുകേഷ് ജോഷി (74) ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ മസൂറി റോഡിലെ ജോറി ഗ്രാമത്തിലായിരുന്നു സംഭവം.
ഡല്‍ഹി റജിസ്ട്രേഷനിലുള്ള കാറില്‍ വന്നവരും മറ്റൊരു കാറില്‍ എത്തിയവരും തമ്മിലാണ് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്. ഓടിച്ചുപോയ ഡല്‍ഹി വാഹനത്തെ രണ്ടാമത്തെ കാറിലുള്ളവര്‍ പിന്തുടര്‍ന്നു. ജോറിയില്‍ വച്ച് ഡല്‍ഹി കാറിന്‍റെ ടയര്‍ ലക്ഷ്യമാക്കി വെടിയുതിര്‍ത്തു. ഈ സമയത്ത് പ്രഭാതസവാരിക്കിറങ്ങിയ ബ്രിഗേഡിയർ ജോഷിക്കാണ് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സിനിമാ സ്റ്റൈൽ അക്രമം
വെടിയേറ്റതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ജോറി പ്രൈമറി സ്കൂളിന് സമീപമുള്ള മരത്തിലിടിച്ചു തകർന്നു. അപകടത്തിന് പിന്നാലെ രണ്ടാമത്തെ കാറിലെത്തിയ സംഘം ഡല്‍ഹി രജിസ്ട്രേഷനിലുള്ള കാറിലെ യാത്രികരെ ക്രൂരമായി മർദ്ദിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു.
ഡെറാഡൂൺ എസ്.എസ്.പി പ്രമേന്ദ്ര സിംഗ് ദോബാൽ സംഭവസ്ഥലം സന്ദർശിച്ചു. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും പരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. തികച്ചും ശാന്തമായ മസൂറി റോഡിൽ നടന്ന അപ്രതീക്ഷിത അക്രമം പ്രദേശവാസികളെ നടുക്കി.