വ്യക്തി വൈരാഗ്യത്തെത്തുടർന്ന് വഞ്ചിയൂരിൽ നാലംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഒന്നാം പ്രതി പ്രദീപിൻ്റെ നേതൃത്വത്തിൽ കാറിൽ കാത്തിരുന്നാണ് നടന്ന് വരുകയായിരുന്ന വിശാഖിനെ വെട്ടി വീഴ്ത്തിയത്. വിശാഖിനെ വെട്ടാൻ ഉപയോഗിച്ച നാല് വെട്ടുകത്തികൾ പ്രതികൾ ഒളിച്ചിരുന്ന പുലയനാർകോട്ട ആശുപത്രിയോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തു. ഒന്നാം പ്രതിയായ പ്രദീപിനെ വിശാഖ് നേരത്തെ ആക്രമിച്ചതിൻ്റെ വൈരാഗ്യമാണ് ആസൂത്രിത കൊലയുടെ കാരണമെന്ന് പൊലീസ്.
വിശാഖിൻ്റെ വരവിനായി കാത്തിരുന്ന് പിന്നാലെ വെട്ടിവീഴ്ത്തുന്ന ആശങ്കപ്പെടുത്തുന്ന ദൃശ്യങ്ങൾ. പ്രതിരോധിക്കാനാവാതെ വിശാഖ് തറയിൽ വീണു. കാറിൽ രക്ഷപ്പെട്ട അക്രമി സംഘം നേരെ പുലയനാർകോട്ട ലക്ഷ്യമാക്കി നീങ്ങി.
കേസിലെ നിർണായക തെളിവായ ആയുധങ്ങൾ പുലയനാർകോട്ട ആശുപത്രി പരിസരത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്. നാല് വെട്ടുകത്തികളിൽ രണ്ടെണ്ണം കൊലപാതകത്തിനായി കഴിഞ്ഞദിവസം വാങ്ങിയത്. ജഴ്‌സിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് വലിച്ചെറിഞ്ഞ ആയുധം പ്രതികളിൽ ഒരാളായ വിനീത് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തു.
വ്യക്തി വൈരാഗ്യത്തിനൊപ്പം പ്രദീപിനെ വിശാഖ് ആക്രമിച്ചതാണ് കൊലയിലേക്ക് എത്തിച്ചത്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്.
ഇന്നലെ ഉച്ച കഴിഞ്ഞാണ് വഞ്ചിയൂർ ചമ്പക്കടയ്ക്ക് സമീപം കാറിലെത്തിയ പ്രദീപ്, റാസിം, വിനീത്, ശിവപ്രസാദ് എന്നിവർ ചേർന്ന് വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്. രക്ഷപെട്ട പ്രതികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിക്ക് പിന്നിലുള്ള കുറ്റിക്കാട്ടിൽ നിന്നാണ് രാത്രിയിൽ വഞ്ചിയൂർ പൊലീസ് പിടികൂടിയത്.