ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ അതിഥി തൊഴിലാളി അറസ്റ്റിൽ. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീനാണ് പിടിയിലായത് . വ്യാഴാഴ്ച രാവിലെയാണ് ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായ മനുവിനെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക പരിശോധനയിൽ കൊലപാതകം ആണെന്ന് മനസ്സിലാക്കിയ പീരുമേട് പൊലീസ് ഒപ്പം താമസിച്ചിരുന്ന സൈഫുദിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൊലപാതക ശേഷം നാടുവിടാൻ തുടങ്ങിയ സൈഫുദ്ദീൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസിന്റെ പിടിയിലായത്. കൊലപാതകം നടന്ന ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടർന്ന് വാക്ക് തർക്കമുണ്ടായി. ഇതിനിടെ കയ്യിൽ കരുതിയ കത്രിക വച്ച് സൈഫുദ്ദീൻ മനുവിനെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മനു നിലത്ത് വീണു. തുടർന്ന് മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തേറ്റം മുറിവുകളും മുഖത്തേറ്റ പരുക്കുമാണ് മരണകാരണം. പ്രതിയെ ലോഡ്ജ് മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയായ സൈഫുദിനും മനുവിന് ഒപ്പമാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി