ആലപ്പുഴ തൃക്കുന്നപ്പുഴയിൽ വീട്ടിൽ നിന്ന് സ്വർണം മോഷണം പോയ കേസിൽ അന്വേഷണത്തിന് പൊലീസ് നായ എത്തിയപ്പോൾ വാദി പ്രതിയായി. ബന്ധുവീട്ടിൽനിന്ന് ആറുപവൻ സ്വർണം മോഷണംപോയ കേസിലാണ് പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയ ആൾ പിടിയിലായത്. പതിയാങ്കര സ്വദേശി അഷറഫ് ആണ് അറസ്റ്റിലായത്.
തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തൃക്കുന്നപ്പുഴ കൊച്ചുതറയിൽ സദഖിന്‍റെ വീട്ടിൽനിന്നാണ് മാല, വള, മോതിരം എന്നിവയുൾപ്പെടെയുള്ള ആഭരണങ്ങൾ ചൊവ്വാഴ്ച രാത്രി മോഷണംപോയത്. സദഖ് അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. പഴയ വീട്ടിൽനിന്നു സാധനങ്ങൾ മാറ്റിയിരുന്നില്ല. ഈ വീട്ടിൽ താമസക്കാരും ഉണ്ടായിരുന്നില്ല. അവിടെനിന്നാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത്. സദഖും അഷറഫും ബന്ധുക്കളും ചേർന്ന് ബുധനാഴ്ച രാവിലെ തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
ആലപ്പുഴ ഡോഗ് സ്ക്വാഡിൽ നിന്ന് പോലീസ് നായ ജൂഡി സംഭവസ്ഥലത്തെത്തി. അറസ്റ്റിലായ അഷറഫിന്റെ വീടിനു സമീപത്താണ് മോഷണം നടന്ന വീട്. മോഷണം നടന്ന വീട്ടിൽ മണം പിടിച്ച പോലീസ് നായ ജൂഡി 100 മീറ്റർ അകലെയുള്ള അഷറഫിന്റെ വീടിനു മുന്നിലെത്തി നിന്നു. അഷറഫിനെ പൊലീസ് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. അഷ്‌റഫിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിൽ ആഭരണങ്ങൾ കണ്ടെടുത്തു. എസ്എച്ച്ഒ ലാൽ സി. ബേബിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.