യുവാക്കളെ സ്ത്രീകള്‍ക്ക് ഒപ്പം മെയില്‍ എസ്കോര്‍ട്ട് ആക്കാം എന്ന് പറഞ്ഞ് പണം തട്ടിയ ആള്‍ പിടിയില്‍. അടൂര്‍ സ്വദേശി ജിതിന്‍ ടി.വര്‍ഗീസ് ആണ് പിടിയിലായത്. സ്ത്രീയെന്ന വ്യാജേന ഫേസ് ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.
അഞ്ജലി ഹരിദാസ് എന്ന പേരിലായിരുന്നു പ്രൊഫൈല്‍. സ്ത്രീകള്‍ക്കൊപ്പം മെയില്‍ എസ്കോര്‍ട്ട് പോകാന്‍ ആളെ ആവശ്യം ഉണ്ട് എന്നായിരുന്നു ഫേസ്ബുക്ക് പരസ്യം. പലരും വന്ന് പരസ്യത്തില്‍ കൊത്തി. അവരില്‍ നിന്ന് ആദ്യം റജിസ്ട്രേഷന്‍ ഫീസ് വാങ്ങും. ഇവരെ വാടകയ്ക്ക് എടുക്കുന്ന സ്ത്രീകളുടെ ശരീര സുരക്ഷാ ഇന്‍ഷുറന്‍സ് എന്ന പേരിലും വലിയൊരു തുക വാങ്ങും. സ്ത്രീകളെ സുരക്ഷിതമായി തിരിച്ചെത്തിച്ചാല്‍ ഇത് തിരിച്ചുകൊടുക്കും എന്നായിരുന്നു വാഗ്ദാനം. പിന്നെയും പലരീതികളില്‍ പണം വാങ്ങിയെടുത്തു. അടൂര്‍ പൊലീസ് സ്വമേധയാണ് തട്ടിപ്പ് കണ്ടെത്തി കേസ് എടുത്തത്.
കൂടുതല്‍ പേര്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്കൊപ്പം പോകാം എന്ന പ്രതീക്ഷയില്‍ വന്ന് പണം കളഞ്ഞു എന്നാണ് വിവരം. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. ഒരു ലക്ഷത്തില്‍ അധികം രൂപ വരെ ഇത്തരത്തില്‍ നഷ്ടപ്പെട്ടവരുണ്ട്. പരമാവധി പണം വാങ്ങിയാല്‍ പിന്നെ തട്ടിപ്പുകാരനെ ഫോണില്‍ കിട്ടില്ല. ആരും ഇതുവരെ പരാതി നല്‍കാന് തയാറായിട്ടില്ല. മൂന്നു വര്‍ഷത്തില്‍ അധികമായി പ്രതി തട്ടിപ്പ് നടത്തുന്നതായാണ് വിവരം. മുന്‍പ് കെസ്എയു നേതാവ് കൂടിയാണ് പ്രതി.