തൃശൂർ വല്ലച്ചിറയിൽ വില്ലേജ് ഓഫിസറെ ലോറിയിടിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടു യുവാക്കൾ അറസ്റ്റിൽ. അനധികൃത മണ്ണ് കടത്ത് തടഞ്ഞതാണ് ആക്രമണത്തിന് കാരണം. കഴിഞ്ഞ ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചേ കാലിനായിരുന്നു ആക്രമണം. വല്ലച്ചിറ വില്ലേജ് ഓഫീസിന് സമീപമുള്ള പറമ്പിൽ നിന്ന് ടിപ്പർ ലോറിയിൽ അനധികൃതമായി മണ്ണ് കയറ്റി. മണ്ണെടുക്കാൻ അനുമതിയുണ്ടോയെന്ന് വില്ലേജ് ഓഫിസറും വില്ലേജ് അസിസ്റ്റന്റും ചോദിച്ചു. പ്രകോപിതരായ ടിപ്പർ ലോറി ജീവനക്കാർ ലോറിയുമായി ഉദ്യോഗസ്ഥർക്കു നേരെ പാഞ്ഞു. പിന്നാലെ , ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറി. ടിപ്പർ ലോറിയിടിച്ച് ഉദ്യോഗസ്ഥരുടെ ഇരുചക്ര വാഹനങ്ങൾ തകരാറിലായി.
വെങ്ങിണിശ്ശേരി സ്വദേശി കോരൻവീട്ടിൽ 42കാരൻ മിഥുൻ, പഴുവിൽ സ്വദേശി മാപ്പോലിൽ വീട്ടിൽ 27 കാരൻ നിഷിൽ എന്നിവരായിരുന്നു അക്രമികൾ. സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികളെ ചേർപ്പ് പൊലീസ് പിടികൂടി. മണ്ണുമാന്തി യന്ത്രം, മണ്ണ് കടത്തിയ ടിപ്പർ ലോറി, പ്രതികളുടെ കാർ എന്നിവ പിടിച്ചെടുത്തു.
വല്ലച്ചിറ വില്ലേജ് ഓഫീസറായ വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇത്തിക്കാട്ട് വീട്ടിൽ ഷിനോടും വില്ലേജ് അസിസിറ്റന്റ് അരിമ്പൂർ സ്വദേശി കാരണയിൽ വീട്ടിൽ ഷാജിയുമാണ് ആക്രമിക്കപ്പെട്ടത്. മിഥുന്റെ അനധികൃത മണ്ണുകടത്ത് മുൻപ് വില്ലേജ് ഓഫിസർ പിടികൂടിയതിന്റെ മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മിഥുൻ മൂന്ന് ക്രിമിനൽകേസുകളിലെ പ്രതിയാണ്. നിഷിൽ ചേർപ്പ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും പ്രതിയാണ്.