ആലപ്പുഴ തൃക്കുന്നപ്പുഴ വലിയകുളങ്ങര ക്ഷേത്ര ഉല്‍സവത്തിനിടെ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പത്തുപേർക്ക് പരുക്കേറ്റു. പുലർച്ചെയോടെ ഉണ്ടായ സംഘർഷത്തിൽ എയർ പിസ്റ്റൾ ഉപയോഗിച്ചുള്ള വെടിവെപ്പും ക്രൂരമായ മർദ്ദനവുമാണ് നടന്നത്. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. പുളിക്കീഴ്, പല്ലന ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് മദ്യലഹരിയിൽ ഏറ്റുമുട്ടിയത്.
വിഷ്ണു സജിൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് എയർ പിസ്റ്റൾ ഉപയോഗിച്ചത്. ഈ തോക്ക് പിന്നീട് എതിർസംഘം പിടിച്ചെടുത്ത് പോലീസിന് കൈമാറി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മുൻപും ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കാറുള്ളതാണ് പ്രതികൾക്ക് തണലാകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പരുക്കേറ്റവർ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.