മധ്യപ്രദേശിലെ മൗഗഞ്ചില്‍ എട്ടാം ക്ലാസുകാരിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു. സ്കൂളിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മദ്യം നല്‍കിയ ശേഷമായിരുന്നു ക്രൂരത. പെണ്‍കുട്ടിയെ കാണാതായതോടെ കുടുംബം നടത്തിയ പരിശോധനയില്‍ കാട്ടിനുള്ളില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച ബോധം വന്നപ്പോള്‍ പെണ്‍കുട്ടിയാണ് നേരിട്ട അതിക്രമം പൊലീസിനോട് തുറന്നുപറഞ്ഞത്. നാലു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മിന്‍റു എന്ന ബേതു ജയ്‌സ്വാൾ (24), രവിനന്ദൻ (22), ലാല എന്ന നീരജ് ജയ്‌സ്വാൾ (21), സുഭാഷ് ജയ്‌സ്വാൾ എന്ന മിഥുൻ (23) എന്നിവരാണ് അറസ്റ്റിലായത്.
സ്കൂളിലേക്ക് പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ യുവാക്കൾ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. കാട്ടിലേക്ക് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം നൽകിയ ശേഷം ബലാല്‍സംഗം ചെയ്തു എന്നാണ് എഫ്ഐആര്‍. പെൺകുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടുകയായിരുന്നു.
വൈകുന്നേരം വരെ പെൺകുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അമിതമായി മദ്യം അകത്തു ചെന്നതിനാല്‍ ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടി തൊട്ടടുത്ത ദിവസമാണ് ദുരനുഭവം വിവരിച്ചത്.