കൈരവ് ഗാന്ധി (ഫയല്‍ ചിത്രം)
ജംഷഡ്‌പുരില്‍ ഈമാസം പതിമൂന്നിന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇരുപത്തിനാലുകാരന് കൃത്യം രണ്ടാഴ്ചയ്ക്കുശേഷം മോചനം. ഇന്ന് പുലര്‍ച്ചെ നാലരയോടെ യുവാവിനെ പൊലീസ് വീട്ടിലെത്തിച്ചു. പ്രമുഖവ്യവസായി ദേവാങ് ഗാന്ധിയുടെ മകന്‍ കൈരവ് ഗാന്ധിയാണ് പൊലീസ് ‘ഓപ്പറേഷനൊ’ടുവില്‍ മോചിതനായത്. പൊലീസിന്‍റെ തുടര്‍ച്ചയായ തിരച്ചിലിനൊടുവില്‍ അക്രമികള്‍ കൈരവിനെ വാഹനത്തില്‍ നിന്ന് റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നുവെന്ന് സിറ്റി സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസ് കുമാര്‍ ശിവാശിഷ് പറഞ്ഞു.
അക്രമിസംഘത്തില്‍ നിന്ന് മോചിതനായ കൈരവ് ഗാന്ധി (മധ്യത്തില്‍) ജംഷഡ്‌പുരിലെ വീട്ടില്‍
കൈരവിനെ ബന്ദിയാക്കിയവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്ന് എസ്.എസ്.പി വ്യക്തമാക്കി. ഇവര്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളിലെല്ലാം പൊലീസ് പരിശോധനയും നിരീക്ഷണവും ശക്തമാക്കി. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഉള്‍പ്പെടെ ട്രാക്ക് ചെയ്യാനും ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കാനും ശ്രമിക്കുന്നുണ്ടെന്നും എസ്.എസ്.പി പറഞ്ഞു. സൗരവിന്‍റെ കാര്‍ ദേശീയപാത 33ലെ ഖന്ദര്‍ബേദയില്‍ കണ്ടെത്തിയതോടെയാണ് തിരച്ചില്‍ വഴിത്തിരിവിലെത്തിയത്.
ആവശ്യപ്പെട്ടത് 10 കോടി: ഈമാസം പതിമൂന്നിന് രാവിലെ ജംഷഡ്‌പുരിലെ സി.എച്ച് മേഖലയിലെ വീട്ടില്‍ നിന്ന് ആദിത്യപൂരിലെ കമ്പനിയിലേക്ക് പോകുന്നതിനിടെയാണ് കൈരവ് ഗാന്ധിയെ തട്ടിക്കൊണ്ടുപോയത്. ബിസ്തുപൂരിലെ ബാങ്കിലും തുടര്‍ന്ന് ആദിത്യപൂരിലെ ഓഫിസിലും പോയശേഷം ഉച്ചഭക്ഷണത്തിന് മടങ്ങിയെത്തും എന്നാണ് കൈരവ് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത്. എന്നാല്‍ യുവാവ് ഭക്ഷണം കഴിക്കാന്‍ എത്താതിരുന്നതോടെ വീട്ടുകാര്‍ വിളിച്ചുനോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്!
അല്‍പസമയത്തിനുശേഷം വിദേശനമ്പറില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ കോള്‍ വന്നു. കൈരവ് തങ്ങളുടെ പിടിയിലാണെന്നും മോചിപ്പിക്കാന്‍ അഞ്ചുകോടി രൂപ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു കോള്‍. അധികം വൈകാതെ 10 കോടി വേണമെന്നായി അക്രമികള്‍. മകനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസിലാക്കിയ ഉടന്‍ ദേവാങ് പൊലിസിനെ വിവരമറിയിച്ചു. വ്യവസായ പ്രമുഖന്‍റെ പരാതിയില്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ഏഴ് പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് തിരച്ചില്‍ തുടങ്ങി.
ജാര്‍ഖണ്ഡിന് പുറമേ ബിഹാറിലും ബംഗാളിലും ഒഡിഷയിലുമെല്ലാം തിരച്ചില്‍ വ്യാപിപ്പിച്ചു. ജാര്‍ഖണ്ഡ് പൊലീസ് മേധാവി തഡാഷ മിശ്ര നേരിട്ട് ജംഷഡ്‌പുരിലെത്തി അന്വേഷണപുരോഗതി വിലയിരുത്തി. ഒടുവില്‍ ജാര്‍ഖണ്ഡിലെ ഹസാരിബാഗിനും ബിഹാറിലെ ഗയക്കും ഇടയില്‍ വച്ചാണ് കൈരവിനെ കണ്ടെത്തിയത്. കുടുംബത്തിന് ആശ്വാസം. പക്ഷേ യഥാര്‍ഥത്തില്‍ പൊലീസ് ഓപ്പറേഷനിലാണോ കുടുംബം പണം നല്‍കിയാണോ കൈരവിനെ മോചിപ്പിച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകലിന്‍റെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസിന്‍റെ നിലപാട്. Read More: സുഹൃത്തിനൊപ്പം കാറിലിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗശ്രമം