AI Generated Image
എംബിബിഎസ് സീറ്റ് ലഭിക്കാനായി സ്വന്തം കാല് മുറിച്ചുമാറ്റി യുവാവ്. ഉത്തർപ്രദേശിലെ ജൗൻപൂരിൽ നിന്നുള്ള സൂരജ് ഭാസ്കറാണ് നീറ്റ് പരീക്ഷയിൽ രണ്ടുതവണ പരാജയപ്പെട്ടതിനെത്തുടർന്ന് കടുംകൈ ചെയ്തത്. ഭിന്നശേഷി ക്വാട്ടയിൽ പ്രവേശനം നേടാനായിരുന്നു സൂരജിന്‍റെ സ്രമം.
2026-ൽ എങ്ങനെയെങ്കിലും എംബിബിഎസ് സീറ്റ് കരസ്ഥമാക്കണമെന്ന വാശിയായിരുന്നു സൂരജിന്. നേരത്തെ ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ബിഎച്ച്യു ആശുപത്രിയെ സമീപിച്ചെങ്കിലും ശാരീരികക്ഷമതയുള്ളതിനാൽ അത് നിഷേധിക്കപ്പെട്ടിരുന്നു. പിന്നാലെ കഴിഞ്ഞ ജനുവരി 18ന് രാത്രിയില്‍ കാല് മുറിച്ചുമാറ്റുകയായിരുന്നു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഉറങ്ങിക്കിടക്കുമ്പോൾ അജ്ഞാതർ തന്നെ ആക്രമിച്ചതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.
എന്നാല്‍ ഇയാളുടെ മൊഴികളിലെ വൈരുദ്ധ്യവും മുറിവിന്റെ സ്വഭാവവും പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. ഇയാളുടെ ഡയറിയിൽ "ഞാൻ 2026-ൽ എംബിബിഎസ് ഡോക്ടറാകും" എന്ന് എഴുതിയിരുന്നു. കുറിപ്പുകളിൽ "ഛേദിക്കൽ" എന്ന വാക്കും പരാമർശിച്ചിരുന്നു.
സംഭവസ്ഥലത്തിന് സമീപം അനസ്തേഷ്യ കുപ്പികൾ, സിറിഞ്ചുകൾ, സോ മെഷീൻ പോലുള്ള ഉപകരണങ്ങൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. പെണ്‍സുഹൃത്തിനേയും ബന്ധുക്കളേയും ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ സൂചനകള്‍ ലഭിച്ചു. സൂരജ് തന്റെ പദ്ധതി മുഴുവൻ പെണ്‍സുഹൃത്തിനോട് പറഞ്ഞിരുന്നു എന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് മുമ്പുതന്നെ പല മാർഗങ്ങളിലൂടെ വൈകല്യ സർട്ടിഫിക്കറ്റ് നേടാൻ അയാൾ ശ്രമിച്ചിരുന്നുവെന്ന് പെണ്‍സുഹൃത്ത് പൊലീസിന് മൊഴി നല്‍കി.
നിലവിൽ സൂരജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തെറ്റായ വിവരം നൽകി പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജരേഖ ചമയ്ക്കാൻ ശ്രമിച്ചതിനും യുവാവിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. സൂരജ് നിലവിൽ ആശുപത്രിയിൽ ചികില്‍സയിലാണ്. അപകടനില തരണം ചെയ്തു.