കൊച്ചി വൈപ്പിനിൽ പൊറോട്ടയ്ക്കൊപ്പമുള്ള ഗ്രേവിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഹോട്ടൽ ഉടമകൾക്ക് യുവാവിൻ്റെ ക്രൂരമർദനം. ഗ്രേവിക്ക് 20 രൂപ ആവശ്യപ്പെട്ടതാണ് നാട്ടുകാരനായ യുവാവിനെ പ്രകോപിതനാക്കിയത്. മർദനത്തിൽ സ്ത്രീക്ക് ഉൾപ്പെടെ പരുക്കേറ്റു.
പൊറോട്ട ഇല്ലാത്തതിന് കടയുടമയുടെ തലയടിച്ചു പൊട്ടിച്ച കൊല്ലംകാരെയും, ക്രീം ബണ്ണിൽ ക്രീം കുറഞ്ഞതിന് ബേക്കറിക്കാരൻ്റെ കയ്യൊടിച്ച കോട്ടയംകാരെയും ട്രോളിയ കൊച്ചിക്കാർ ഒരു പൊടിക്ക് അടങ്ങുക. വൈപ്പിനിൽ പൊറോട്ടയ്ക്ക് ഒപ്പം ഉള്ള ഗ്രേവിക്ക് 20 രൂപ ചോദിച്ചതിനാണ് കടയുടമയെ ജിബിയെന്ന യുവാവ് ആക്രമിക്കുന്നതിലേക്കെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് എടവനക്കാട് സ്വദേശി സുബൈറിൻ്റെ ഹോട്ടലിലേക്ക് പൊറോട്ട വാങ്ങാനായി അതേനാട്ടുകാരനായ ജിബി എത്തുന്നത്. പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവിക്ക് 20 രൂപ നൽകണമെന്ന് കടയിൽ ഉണ്ടായിരുന്ന സുബൈറിന്റെ ഭാര്യ. തർക്കമായി. ഒടുവിൽ ഭാര്യയുടെ നേരെ കൈ ഉയർത്തിയപ്പോൾ സുബൈർ ഇടപെട്ടു. ഉടനെ സുബൈറിന്റെ കൈപിടിച്ച് തിരിച്ച ജിബി നെറ്റിയിൽ എന്തോ വസ്തു ഉപയോഗിച്ച് കുത്തി.
നാട്ടുകാർ കൂടി ഇടപെട്ടതോടെ കയ്യാങ്കളി വലുതായി. ആക്രമണത്തിൽ പരുക്കേറ്റ സുബൈറിന് നെറ്റിയിൽ രണ്ട് സ്റ്റിച്ച് ഇടേണ്ടി വന്നു. സുബൈറിന്റെയും ഭാര്യയുടെയും പരാതിയിൽ ഞാറക്കൽ പൊലീസ് കേസെടുത്തു. പൊറോട്ടയ്ക്കൊപ്പം ഗ്രേവി അവകാശമല്ലെന്ന് നേരത്തെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഫ്രീയായി ഗ്രേവി കിട്ടാത്തതിന് കലി കയറുന്നവർക്ക് ഇതൊന്നും വിഷയമല്ലെന്നാണ് കടക്കാർ ഓർക്കേണ്ടത്.