modi-kochi

TOPICS COVERED

കേരളത്തില്‍ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. റോഡ് ഷോ നടത്തി ആവേശം വിതറും. വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. സുപ്രധാന പ്രഖ്യാപനങ്ങളും ഹൈ വോള്‍ട്ടേജ് രാഷ്ട്രീയവും പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇടം പിടിക്കും. പ്രധാനമന്ത്രിയുടെ മടക്കത്തോടെ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കാം. 

മൂന്ന് മണിക്കൂര്‍.  മൂന്ന് പരിപാടികള്‍. നരേന്ദ്ര മോദിയുടെ കൊച്ചിയിലേയ്ക്കുള്ള വരവ് കേരളത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലേയ്ക്ക് പൂര്‍ണമായും എത്തിക്കും. മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. തുടര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായി റോഡ് മാര്‍ഗം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേയ്ക്ക്. സ്റ്റേഡിയത്തിന് മുന്നില്‍ ചെറിയ റോഡ് ഷോ. പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശ്ശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, ഷൊര്‍ണൂര്‍–നിലമ്പൂര്‍ പാത വൈദ്യുതീകരണത്തിന്‍റെ സമര്‍പണം എന്നിവയുമുണ്ടാകും. ദേശീയപാത അതോറിറ്റി, ബിപിസിഎല്‍ എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും മോദി നിര്‍വഹിക്കും. കലൂര്‍ സ്റ്റേഡിയത്തിലെ എന്‍ഡിഎ റാലിയാണ് മോദിയുടെ പര്യടനത്തിലെ ഹൈലൈറ്റ്. മധ്യകേരളത്തില്‍ എന്‍ഡിഎയുടെ കരുത്തിന്‍റെ പ്രകടനമാകും. ട്വന്‍റി ട്വന്‍റിയുടെ വരവോടെ മധ്യകേരളത്തില്‍ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കിയേക്കും. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നത് ആലോചനയിലുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഉച്ചകഴിഞ്ഞ് 3.20ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേയ്ക്ക് പോകും. 

ENGLISH SUMMARY:

Prime Minister Narendra Modi's visit to Kochi marks the commencement of the BJP's Kerala Assembly election campaign. His itinerary includes a roadshow, inauguration of development projects, and a high-voltage political address, all designed to energize the state's political landscape ahead of potential election announcements.