പാചകവാതക വിതരണം നിലച്ചതോടെ കൊച്ചി നഗരത്തിലെ ബേക്കറി വ്യവസായം കടുത്ത പ്രതിസന്ധിയിൽ. ഉൽപ്പാദനം മുടങ്ങിയ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെയും പാചകവാതക പ്രതിസന്ധി ബാധിച്ചു.
വൈകുന്നേരങ്ങളിൽ ഒരു ചായയും കടിയും, അല്ലെങ്കിൽ നല്ലൊരു ഷവർമയൊക്കെ കഴിച്ച് സമയം ചെലവഴിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. എന്നാൽ, നഗരത്തിലെ ബേക്കറികളിൽ ഇനി ഈ കാഴ്ചകൾ എത്രനാൾ ഉണ്ടാകുമെന്ന് പറയാൻ കഴിയില്ല. ഈ പലഹാരങ്ങൾ ഉണ്ടാക്കാൻ ആവശ്യമായ പാചകവാതകം കിട്ടാനില്ലാത്ത അവസ്ഥയിലാണ്.
കോവിഡിന് സമാനമായ സാഹചര്യമെന്ന ബേക്കറി ഉടമകൾ. പ്രതിസന്ധി ബേക്കറികളെ മാത്രമല്ല, ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗിയെയും സാരമായി ബാധിച്ചു. ഓർഡറുകൾ ഉണ്ടെങ്കിലും പലയിടത്തും വിഭവങ്ങൾ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. പാചകവാതക ക്ഷാമം തുടർന്നാൽ ഈ മേഖലയും പൂർണ്ണമായും സ്തംഭിക്കും.